തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിൽ സെക്രട്ടറിയ്ക്ക് ശനിദശ. സീറ്റിലിരിപ്പുറയ്ക്കുന്നതിനു മുമ്പെ സ്ഥലംമാറ്റ ഉത്തരവ് സെക്രട്ടറിയെ പതിവായി തേടിയെത്തുകയാണ്. പഞ്ചായത്ത ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് സെക്രട്ടറി ഇപ്പോഴും സീറ്റിൽ തുടരുന്നത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ അഞ്ചു സ്ഥലംമാറ്റ ഉത്തരവാണ് സെക്രട്ടറിയെ തേടിയെത്തിയത്. ഇപ്പോൾ വെള്ളത്തൂവലിലേക്ക് സെക്രട്ടറിയെ സ്ഥലം മാറ്റിയതായി വീണ്ടും ഉത്തരവ് ലഭിച്ചതോടെ ഇത് റദ്ദുചെയ്യണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം. സെക്രട്ടറിയായ എം.എ. സുബൈറിനെ വണ്ണപ്പുറത്തു നിന്നും ആദ്യം മാങ്കുളത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. പിന്നീട് തിരികെ വണ്ണപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയതായി ഉത്തരവ് ലഭിച്ചു. പിന്നീട് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതായി ഉത്തരവിറങ്ങി. ഇവിടെ നിന്നും തിരികെ വണ്ണപ്പുറത്തെത്തി. ഇവിടെയെല്ലാം ചാർജ് എടുക്കാൻ തയാറെടുക്കുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് വീണ്ടും തുടരുകയായിരുന്നു. ഇപ്പോൾ വെള്ളത്തൂവലിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചെങ്കിലും ചാർജെടുത്തിട്ടില്ല.
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ പഞ്ചായത്തിൽ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നതിനിടെയാണ് അടിയ്ക്കടി സെക്രട്ടറിയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുന്നത്. 418 പദ്ധതികളാണ് നടപ്പു സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കേണ്ടത്. സെക്രട്ടറിയുടെ അടിക്കടിയുള്ള സ്ഥലം മാറ്റം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി, ജില്ലാ കളക്ടർ , പഞ്ചായത്ത് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സെക്രട്ടറിയുടെ തുടർച്ചയായ സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോഴത്തെ സ്ഥലം മാറ്റ ഉത്തരവ് റദ്ദു ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെയ്നമ്മ ജോസഫ് ആവശ്യപ്പെട്ടു