മൂലമറ്റം: കർഷകരുടെ ആവശ്യത്തിനു വേണ്ട കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ 30 മുതൽ 50 ശതമാനം സബ്സിഡി നൽകും.കാർഷിക യന്ത്രവത്കരണത്തിൽ കർഷകർക്ക് നേരിട്ട് ആനുകൂല്യം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ നടപ്പാക്കിയ പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം കർഷകർക്ക് ലഭിക്കേണ്ട സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. വിവിധയിനം ട്രാക്ടറുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, ആവി, പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം ഗോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ, പുൽവെട്ട്, കൈ വാൾ യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും പൊടിക്കുന്നതിനും അരയ്ക്കുന്നതിനും ഉപയോഗിക്കുന്ന യന്ത്രങ്ങളും കർഷകർക്ക് വാങ്ങാം. ഓൺലൈൻ വഴി മാത്രമേ ഈ പദ്ധതിയിൽ അംഗമാകാനും സാധനങ്ങൾ വാങ്ങാനും സാധിക്കു. കർഷകർക്ക് സ്വന്തമായോ, അക്ഷയ, സിഎസ്സി തുടങ്ങിയ സേവന കേന്ദ്രങ്ങൾ വഴിയോ ഇതിൽ അംഗമാകാനും യന്ത്രങ്ങൾ വാങ്ങാനും കഴിയും. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി, എസ്സി, എസ്ടി വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ എന്നിവ രജിസ്റ്റർ ചെയ്യുമ്പോൾ കരുതണം. ഈ പദ്ധതിയിൽ കാർഷിക യന്ത്ര ഉപകരണ നിർമാതാക്കൾക്കും സംരംഭകർക്കും സൊസൈറ്റികൾക്കും സ്വാശ്രയ സംഘങ്ങൾക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ഡീലറെ തെരഞ്ഞെടുക്കണം. യന്ത്രം വാങ്ങി ഒരുമാസത്തിനുള്ളിൽ സബ്സിഡി ലഭിക്കും. കൊറോണയെ തുടർന്നു രജിസ്‌ട്രേഷൻ നടപടികളും അപേക്ഷകൾ സമർപ്പിക്കുന്നതും താത്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.