തൊടുപുഴ: കല്യാണ തലേന്നുള്ള ആഘോഷം എല്ലായിടത്തും പതിവാണ്. അൽപ്പം മദ്യം കൂടിയുണ്ടെങ്കിൽ ആഘോഷം പൊടിപൊടിക്കും. എന്നാൽ കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റത്ത് നടന്ന കല്യാണ ആഘോഷം അയൽപ്പക്കക്കാരന്റെ പുരപ്പുറം വരെയെത്തി. ഇന്നലെ പുലർച്ചെ കാഞ്ഞിരമറ്റത്തായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്. കല്യാണത്തിന്റെ തലേദിവമായ ഞായറാഴ്ച രാത്രി കല്യാണപെണ്ണിന്റെ സഹോദരന്റെ മൂന്ന് കൂട്ടുകാർ വീട്ടിലെത്തി. രാത്രി മുഴുവൻ ആഘോഷിച്ച ശേഷം ' സാധനം" തീർന്നപ്പോഴാണ് കൂട്ടുകാർ ഒന്ന് മയങ്ങാൻ സ്ഥലം തപ്പിയത്. നിറയെ ആളുകളായതിനാൽ കല്യാണ വീട്ടിൽ പോകാൻ പറ്റില്ല. അപ്പോഴാണ് തൊട്ടടുത്ത് സുന്ദരമായൊരു വാർക്ക വീട് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല,​ നേരെ മതിലുചാടി വീടിന് മുമ്പിലെത്തി. അരികിലെ കോണിപ്പടി കയറി ടെറസിലെത്തി. മൂവരും സുഖമായി ആകാശം നോക്കി കൂർക്കം വലിച്ചുറങ്ങി. പുലർച്ചെ അഞ്ചുമണിയോടെ ടെറസിൽ നിന്ന് എന്തോ ശബ്ദം കേട്ടാണ് ഗൃഹനാഥൻ ഉണരുന്നത്. ചെന്ന് നോക്കിയപ്പോഴതാ ജനിച്ചു വീണ കുഞ്ഞുങ്ങളെ പോലെ മൂന്ന് പേർ തന്റെ പുരപ്പുറത്ത്. കള്ളന്മാരാണെന്ന് കരുതി പൊലീസിനെ വിളിക്കാനായി ഒരുങ്ങുമ്പോഴാണ് അതിലൊരാൾ കുംഭകർണസേവ കഴിഞ്ഞ് ഉണരുന്നത്. ആരാടാ നീ,​ എന്റെ വീട്ടിലെ ടെറസിൽ എന്താടാ കാര്യമെന്ന് ചോദിച്ച ഗൃഹനാഥനോട് അതു ചോദിക്കാൻ നീയാരാടാ എന്നായിരുന്നു മറുപടി. ഒടുവിൽ കശപിശയായതോടെ ഗതികെട്ട് ഗൃഹനാഥൻ പൊലീസിനെ വിളിച്ചു. ഇതറിഞ്ഞ് സംഗതി പന്തിയല്ലെന്ന് കണ്ട് മൂന്ന് പേരും പൊലീസെത്തും മുമ്പേ സ്ഥലം കാലിയാക്കി. കല്യാണ വീടായതുകൊണ്ട് പെൺകുട്ടിയുടെ സഹോദരനെ ബുദ്ധിമുട്ടിക്കാതെ പൊലീസ് മടങ്ങി. സ്റ്റേഷനിലെത്തി പരാതി നൽകാമെന്ന് ഗൃഹനാഥൻ പൊലീസിനോട് അറിയിച്ചെങ്കിലും നാട്ടുകാരും കല്യാണവീട്ടുകാരും സംസാരിച്ച് ഒടുവിൽ പ്രശ്നം പരിഹരിച്ചു.