new-born

കട്ടപ്പന: കട്ടപ്പനയിലെ വനിത ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുഞ്ഞിന്റെ അമ്മയും അവിവാഹിതയുമായ യുവതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ യുവതി പ്രസവിച്ചത്. പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം നടത്തിവരികയാണ്. നഗരത്തിലെ ദേശസാത്കൃത ബാങ്കിലെ ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്നുള്ള വിവരം ഹോസ്റ്റലിലെ മറ്റു താമസക്കാർ പോലും അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ ഒപ്പം താമസിച്ചിരുന്ന സഹോദരിയെ സ്ഥലത്തുനിന്നു പറഞ്ഞയച്ച ശേഷമാണ് മുറിയിൽ പ്രസവിച്ചത്. ഇവർ തിരിച്ചെത്തിയപ്പോഴാണ് പ്രസവിച്ച കാര്യവും കുഞ്ഞ് മരിച്ച വിവരവും അറിയുന്നത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെയും യുവതിയുടെ ബന്ധുക്കളെയും വിവരമറിയിച്ചു. വീട്ടുകാർ കട്ടപ്പനയിലെത്തി യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നിന്നു നെടുങ്കണ്ടത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ബ്ലഡ് ബാങ്കിൽ ആവശ്യത്തിനു രക്തമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂ.