തൊടുപുഴ: ആയവന പഞ്ചായത്തിലെ പൈനാപ്പിൾ കൃഷിക്കാരന്റെ ആത്മഹത്യ ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ പ്രതീകമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണുതുറക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ വില തകർച്ചയിൽ 50 ലക്ഷം രൂപയുടെ കടബാദ്ധ്യതയാണ് മരിച്ച അനിലിനുണ്ടായത്. പൈനാപ്പിളിന് ന്യായവില ഉറപ്പു വരുത്താനോ കൃഷിക്കാരുടെ കടങ്ങൾ എഴുതിതള്ളുവാനോ സർക്കാരുകൾക്ക് സാധിച്ചില്ല. ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചില്ല. പൈനാപ്പിൾ കർഷകരുടെ ഭാഗത്തു നിന്നും നിരന്തരമായി ഇക്കാര്യത്തിൽ ആവശ്യമുയർന്നിരുന്നു. കേന്ദ്ര ഗവൺമെന്റ് കോവിഡ് പാക്കേജിൽപെടുത്തി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടും ഒന്നു പോലും പ്രാവർത്തികമായിട്ടില്ല. ദീർഘകാല അടിസ്ഥാനത്തിലുള്ള പാക്കേജുകൾക്കൊപ്പം അടിയന്തിര പ്രാധാന്യത്തോടെ കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകി. അടിയന്തിരമായ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിൽ ഇനിയും ആത്മഹത്യകൾ ആവർത്തിക്കപ്പെടുമെന്നും ആത്മഹത്യ ചെയ്ത അനിലിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും അടിയന്തിര ധനസഹായവും അനുവദിക്കണമെന്നും എം.പി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.