motor

മലങ്കര: വലിയ അപകടങ്ങൾക്ക് കരണമാകാവുന്ന രീതിയിൽ റോഡിലേക്ക് വളർന്ന കാട് വെട്ടിമാറ്റാൻ അധികൃതർ ഒരുമിച്ച് ജാഗ്രതയോടെ രംഗത്തെത്തി. തൊടുപുഴ - മുട്ടം റൂട്ടിൽ പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപത്താണ് റോഡിലെ കാഴ്ച്ച മറയ്ക്കുന്ന രീതിയിൽ കാട് വളർന്നത്. ഇവിടെ ചെറിയ കയറ്റവും വളവും ആയതിനാൽ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയത് വാഹനാപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെ ആയിരുന്നു. റോഡിന്റെ രണ്ട് വശങ്ങളിൽ നിന്ന് വരുന്ന വാഹന ഡ്രൈവർമാർക്ക് തൊട്ടടുത്തെത്തിയാൽ പോലും റോഡിലെ കാഴ്ച്ച മറയുന്ന രീതിയിലാണ് കാട് വളർന്നിരിന്നതും. തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ റോഡിന് നടുക്കുള്ള വെള്ള വരക്കിപ്പുറം കടന്നാണ് മുട്ടം ഭാഗത്തേക്ക്‌ പോയിരുന്നത്. വളവും ചെറിയ കയറ്റവും ആയതിനാൽ ഇത് വഴി കടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയുമായിരുന്നു. ഇത് സംബന്ധിച്ചുള്ള പത്ര വാർത്തകളെ തുടർന്നാണ് അധികൃതർ രംഗത്ത് എത്തിയത്. ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയ തൊടുപുഴ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റോഡിന്റെ രണ്ട് വശങ്ങളിലേക്ക് വളർന്നിറങ്ങിയ കാട് വെട്ടിമാറ്റി .റോഡരുകിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റി.

മാലിന്യം തള്ളുന്നതിന് തടയിടും

വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ രാത്രി തള്ളിയ ദുർഗന്ധം വമിക്കുന്ന ഹോട്ടൽ - പച്ചക്കറി മാലിന്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടു. മാലിന്യങ്ങൾ തള്ളുന്നത് തടയാൻ മലങ്കര എസ്റ്റേറ്റ് കമ്പനിയുടെ സഹകരണത്തോടെ റോഡിനോട്‌ ചേർന്ന് പുഴയുടെ തീരത്തായി ആറടി ഉയരത്തിൽ ഗ്രില്ല് സ്ഥാപിച്ച് പൂന്തോട്ടം നിർമ്മിക്കാനും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെ കാമറ സ്ഥാപിക്കാനും തീരുമാനമായി.

സ്ഥലത്ത് എത്തിയ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള, ജോയിന്റ് ആർ ടി ഒ നസിർ പി എ, എൻഫോഴ്സ്മെന്റ് ആർ ടി ഒ കെ ഹരികൃഷ്ണൻ, എം വി ഐ മനോജ്‌ എം, എ എം വി ഐ രാംദേവ് പി ആർ, മുട്ടം എസ് ഐ പി എസ് ഷാജഹാൻ, എ എസ് ഐ അബ്ദുൽ ഖാദർ, മലങ്കര എസ്റ്റേറ്റ് മാനേജർ റോയി, പെരുമറ്റം - മൂന്നാം മൈൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രദേശ വാസികൾ എന്നിവർ നേതൃത്വം നൽകി.