തൊടുപുഴ: ഇടുക്കിയിൽ വന്യജീവി ഉദ്യാനങ്ങളുടെ ഇക്കോ-സെൻസിറ്റീവ് സോൺ തിരിച്ചത് ഭരണകൂട ഭീകരതയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച കരടു വിജ്ഞാപനം തയ്യാറാക്കി കേന്ദ്ര സർക്കാരിന് കൈമാറിയത് സംസ്ഥാന പരിസ്ഥിതി വകുപ്പാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമായി ഒരിക്കൽ പോലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. 2011 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഗൈഡ് ലൈൻസ് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങൾ തീരുമാനിക്കുന്നത്. എറണാകുളം പട്ടണത്തിന്റെ മദ്ധ്യ ഭാഗത്തുള്ള മംഗളവനത്തിന്റെ ബഫർ സോൺ പൂജ്യമാണ് നിശ്ചയിച്ചിട്ടുളളത്. എന്നാൽ യോജ്യമായ സ്ഥലത്ത് 10 കി.മീറ്റർ വരെയാകാം എന്ന പഴുത് ഉപയോഗപ്പെടുത്തി 2016 കരടിൽ ഉണ്ടായിരുന്ന ഇ.എസ്.സോൺ 1.36 സ്ക്വയർ കി.മിറ്ററായായിരുന്നത് പുതിയ കരടു വിജ്ഞാപനം അനുസരിച്ച് 88.238 സ്ക്വയർ കി.മിറ്ററായി വർദ്ധിപ്പിച്ചപ്പോൾ അതിൽ 24.317 സ്ക്വയർ കി.മിറ്റർ കൃഷിഭൂമി ഉൾപ്പെട്ടു. ഉപ്പുതറ, വാഗമൺ, ഇടുക്കി, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, അറക്കുളം എന്നീ വില്ലേജുകൾ ഏതാണ്ട് പൂർണ്ണമായും ഇ.എസ്.സോണിന്റെ പരിധിയിൽ വരികയാണ്. ഇതിൽ 95 ശതമാനവും പട്ടയഭൂമിയാണ്. പട്ടയഭൂമിയിൽ നിന്നും അനധികൃതമായി കൂടിയിറക്കുന്നതിന് തുല്ല്യമാണ് ഈ അടിച്ചേൽപ്പിക്കൽ. 2 മാസത്തിനകം എതിർപ്പ് അറിയിക്കാനുള്ള സമയം പ്രദേശവാസികൾ ഉപയോഗപ്പെടുത്തണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും, ഭേദഗതി നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യണമെന്നും, ജനവിരുദ്ധ കർഷകവിരുദ്ധ നിർദ്ദേശങ്ങൾ പൂർണ്ണമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.