ഇടുക്കി: 1964 ലെയും 1993 ലെയും ഭൂമി പതിവു ചട്ടങ്ങളിൽ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന സർവകക്ഷി സമ്മേളനത്തിന്റെ ആവശ്യം നടപ്പിലാക്കണമെന്നും മലയോര കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേരളാ കോൺഗ്രസ് എം നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഇന്ന് തുടക്കം കുറിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ രാവിലെ 11ന് ചെറുതോണി ടൗണിൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ഭൂമി പതിവു ചട്ട ഭേദഗതിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ കർഷക സംഘടനകളും ഒരുമിച്ച് പിന്താങ്ങിയിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത് ജനവഞ്ചനയാണ്. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രാഹം എക്‌സ് എം.പി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, തോമസ് പെരുമന, നോബിൾ ജോസഫ് ബേബി പതിപ്പള്ളി, ആന്റണി ആലഞ്ചേരി , വി.എ. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, സിനു വാലുമ്മേൽ, ഫിലിപ്പ് മലയാറ്റ്, വർഗീസ് വെട്ടിയാങ്കൽ, ടി.ജെ. ജേക്കബ്, എം.ജെ. കുര്യൻ, സാബു പരപരാകത്ത്, തോമസ് തെക്കേൽ, എബി തോമസ്, ഷൈനി സജി തുടങ്ങിയവർ പ്രസംഗിക്കും. 26 ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജും 27 ന് മാത്യു സ്റ്റീഫനും നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസ് എം നേതാക്കളായ പ്രൊ :എം ജെ ജേക്കബ്, അഡ്വ : ജോസഫ് ജോൺ, മുൻ എം എൽ എ മാത്യു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.