കോട്ടയം : പെട്ടിമുടിയിൽ ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനെത്തി കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ പൊലീസുകാർക്ക് ക് വാറന്റൈൻ കൈലാവധി പൂർത്തിയാകും മുൻപ് അടുത്ത ഡ്യൂട്ടി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ ഭാഗമായാണ് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള കെ.എ.പി അഞ്ചാം ബെറ്റാലിയനിലെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പെട്ടിമുടിയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ പൊലീസുകാരോട് 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം നിലനിൽക്കേയാണ് ലംഘനം. മന്ത്രിമാരും എം.എൽ.എമാരും പങ്കെടുക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായി, രോഗികളുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരെ തന്നെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ സേനയിലും എതിർപ്പുണ്ട്. അടൂർ, തിരുവനന്തപുരം ബെറ്റാലിയനുകളിൽ ആളുണ്ടെന്നിരിക്കേയാണ് ഇവിടെ നിന്ന് 30 ഓളം പേരെ ഡ്യൂട്ടിക്ക് നിശ്ചയിച്ചത്.