അതിർത്തികടന്നെത്തുന്ന പാൽ പരിശോധിക്കും
കമ്പംമെട്ട് ചെക്ക് പോസ്റ്റിൽനാളെ മുതൽ
പാൽ ഗുണമേൻമ പരിശോധന
ഇടുക്കി: ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന പാൽ കേരളത്തിലേക്കെത്തുന്നത് തടയാനായി ക്ഷീരവികസന വകുപ്പ് കമ്പം മെട്ട് ചെക്ക്‌പോസ്റ്റിൽ പാൽ പരിശോധന നടത്തും. ഊർജ്ജിത പാൽ പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനംനാളെ രാവിലെ 8ന് മന്ത്രി എം എം മണി നിർവ്വഹിക്കും. 30 വരെ ഈ ലാബ് 24 മണിക്കൂറും പ്രവർത്തിക്കും.
ഓണനാളുകളിൽ തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്ന് മായംകലർന്ന പാൽ കൂടുതലായി ഒഴുകുന്നുവെന്ന പരാതിയുണ്ട്.ദിവസേന എട്ട് ടാങ്കർ ലോറികൾ പാലുമായി ഇതുവഴി കടന്നു വരുന്നുണ്ട്. കൂടാതെ പായ്ക്കറ്റ് പാലും അതിർത്തി കടന്നെത്തുന്നുണ്ട്.
മായം ഏതുവിധം
പാലിൽ സാധാരണയായി മൂന്ന് തരത്തിലുള്ള മായങ്ങളാണ് ചേർക്കുന്നത്. പാൽ കേടാകാതിരിക്കാൻ ബോറിക് ആസിഡ്, ഫോർമാൽഡിഹൈഡ്, ബെൻസോയിക് ആസിഡ്, സാലിസിലിക് ആസിഡ്, ഹ്രൈഡജൻ പെറോക്‌സൈഡ് തുടങ്ങിയവയും പാലിന്റെ അമ്ലത കുറയ്ക്കാൻ സോഡിയം ബൈ കാർബണേറ്റ്, സോഡിയം കാർബണേറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയ ന്യൂട്രലൈസറുകളും ചേർക്കുന്നു. കൂടാതെ ഇതരമായങ്ങൾ ആയി യൂറിയ, ഡിറ്റർജന്റുകൾ, തേങ്ങാവെള്ളം, അമോണിയം സൾഫേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, ഉപ്പ്, പാൽപ്പൊടി, സ്റ്റാർച്ച്, സെല്ലുലോസ്, ജെലാറ്റിൻ, പഞ്ചസാര,മാൾട്ടോ ഡെക്‌സ്ട്രിൻ തുടങ്ങിയവയും ചേർക്കുന്നു.
ശ്രദ്ധ വേണം
വൈക്കോൽ,കാലിത്തീറ്റ എന്നിവയിൽ നിന്നും പശുവിന്റെ ഉള്ളിലെത്തുന്ന കീടനാശിനി പാലിലും കലരും. ടാങ്കർ ലോറികളിൽ ഏറെ ദൂരം കൊണ്ടുപോകുമ്പോൾ കേടാകാതിരിക്കാൻ വേണ്ടി പാലിൽ ഫോർമാലിൻ ചേർക്കുന്നു. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുന്നതാണ് ഫോർമാലിൻ. ഡയറി പ്ലാന്റിൽ പാൽ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സോഡിയം ഹൈഡ്രോക്‌സൈഡ് ഉപയോഗിച്ച് കഴുകുന്ന പതിവുണ്ട്. ഇങ്ങനെ കഴുകിയതിന് ശേഷം പച്ചവെള്ളവും ചൂടുവെള്ളവും കൊണ്ടു കഴുകി ഉണക്കണം. ഇതു വൃത്തിയായിട്ടല്ല ചെയ്യുന്നതെങ്കിൽ പാലിൽ കാസ്റ്റിക് സോഡ കലരാം. പാൽ പിരിയാതിരിക്കാൻ ചേർക്കുന്ന സോഡാക്കാരത്തിന്റെ അമിതോപയോഗം വയറിളക്കം, അൾസർ എന്നിവയുണ്ടാക്കാം.
കുറ്റം തെളിഞ്ഞാൽ
തടവും പിഴയും
കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ സജ്ജീകരിക്കുന്ന താൽക്കാലിക ലാബിൽ ന്യൂട്രലൈസറുകൾ, പ്രിസർവേറ്റീവുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിദ്ധ്യം പരിശോധിക്കും. അതിർത്തി കടന്നു വരുന്ന പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും. കുറ്റക്കാർക്ക് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം വരെ തടവും ശിക്ഷ ലഭിക്കാം.
ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ, ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ എം എൽ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കും. ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പുറമെ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നും ഉള്ള ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കും.