തൊടുപുഴ: തിരവോണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ കൊവിഡ് മാന്ദ്യം മറികടന്ന് വിപണി ആഘോഷത്തിരക്കിലേക്ക് നീങ്ങുന്നു. വഴിയോരങ്ങളിലും വസ്ത്രശാലകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം തിരക്കേറുകയാണ്. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ വിവിധ ഓണചന്തകൾ കൂടി തുറന്നതോടെ വിപണി കൂടുതൽ സജീവമായി. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ്, ഓണം അഡ്വാൻസ് വിതരണം എന്നിവ പൂർത്തിയാകുന്നതോടെ ഓണ വിപണിയിലേക്ക് ജനമൊഴുകും. കൊവിഡ് പ്രതിസന്ധിക്കിടയിലും വിവിധ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തത് സാധാരണക്കാർക്ക് ആശ്വാസമായി. ഓണക്കിറ്റ് കൂടിയാകമ്പോൾ വലിയ തരക്കേടില്ലാതെ ഓണമുണ്ണാനാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. ഓണസദ്യ തയ്യാറാക്കാൻ ആവശ്യമായതെല്ലാം 800 രൂപ മുതൽ ആയിരം രൂപ വരെയുള്ള നിരക്കിൽ ലഭ്യമാക്കുന്ന സൂപ്പർ മാർക്കറ്റുകൾ ധാരാളമുണ്ട്. ഉപ്പേരി, ശർക്കരവരട്ടി, പപ്പടം, പായസക്കിറ്റ് മുതൽ കുത്തരി വരെ വേണ്ടതെല്ലാം ഇതിലുണ്ടാകും. തുണിക്കടകളിലെല്ലാം ഓണക്കോടി വാങ്ങാനുള്ള തിരക്ക് കാണാം. പ്രവർത്തനസമയം നീട്ടിനൽകിയത് ഏറ്റവും ആശ്വാസമായത് തുണിക്കടകൾക്കാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിലക്കിഴിവുകൾ ഇവർ പ്രഖ്യാപിച്ച് കഴിഞ്ഞു. ഓണക്കാലത്ത് ഏറ്റവുമധികം കച്ചവടമുണ്ടാകേണ്ട പൂവിപണി വാടിയമട്ടിലാണ്. നാടൻ പൂക്കളെ അത്തപ്പൂക്കളങ്ങൾക്ക് ഉപയോഗിക്കാവൂവെന്ന സർക്കാർ നിർദേശമാണ് ഇവർക്ക് തിരിച്ചടിയായത്. ക്ലബുകളുടെയും മറ്റ് സംഘടനകളുടെയും ഓണാഘോഷങ്ങളൊന്നും ഇത്തവണ ഇല്ലാത്തതും വിപണിക്ക് തിരിച്ചടിയായി. തിരക്കേറിയതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഉത്രാടപാച്ചിലിലാണ് പൊലീസ്.
കടകളുടെ സമയം നീട്ടി
ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. സെപ്തംബർ രണ്ട് വരെ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറന്ന് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവ് ബാധകമല്ല. പ്രവർത്തന സമയം നീട്ടി നൽകിയത് സ്വാഗതാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. ഓണക്കാലത്തേക്കെങ്കിലും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.