കുമളി : വണ്ടിപ്പെരിയാറ്റിലെ കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി പ്രതിസന്ധി നേരിട്ടും കഴിയുന്ന അൻപതോളം കുടുംബങ്ങൾക്ക് ഓണകിറ്റിനോടൊപ്പം സാമ്പത്തികസഹായവുമെത്തിക്കും. കെ.എം.ജി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ സർക്കാർ ഉദ്യോഗസ്ഥർ സഹായത്തിനായി അവരുടെ ഉത്സവബത്തയുടെ ഒരു വിഹിതം മാറ്റി വെക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരും സഹായവുമായെത്തി.മെച്ചപ്പെട്ട നിലയിൽ ജീവിക്കുകയും ഇപ്പോൾ ലോക്ക് ഡൗൺ മൂലം ദുരിതത്തിലാവുകയും എന്നാൽ യാതൊരു പരിഗണനയും ലഭിക്കാത്ത ഫോട്ടോഗ്രഫി, ടൂറിസ്റ്റ് ഗൈഡ് മുതലായ തൊഴിൽ ചെയ്തിരുന്നവരിൽ നിന്നും അർഹരായവർക്കാണ് ഓണത്തിന് സഹായമെത്തിക്കാൻ ട്രസ്റ്റ് തീരുമാനിച്ചതെന്ന്ഭാരവാഹികളായ എം.ഗണേശൻ , ബിനു കുട്ടൻ, കനകരാജ്, രൂബിൻ സാമൂവൽ, വിനോദ് രംഗയ്യ, സുഹാന, പാപ്പ ഹെൻട്രി, സൗദാ രാജു എന്നിവർ അറിയിച്ചു. കുമിളി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള സന്നദ്ധസേന വോളന്റിയർമാരെയും ഓണക്കിറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.