union
തൊടുപുഴ ഡിഡിപി ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് സാമൂഹ്യ വിരുദ്ധർ തല്ലിതകർക്കുകയും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു. ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫീസുകളിലെയും ഡെപൂട്ടി ഡയറക്ടർ ഓഫീസിലെയും ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ ജോലിചെയ്തത്. ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ജീവനക്കാരെ സന്ദർശിച്ചു.തുടർന്ന് ചിന്നക്കനാൽ പഞ്ചായത്തിൽ സന്ദർശനം നടത്തി .


ശക്തമായ നടപടി സ്വീകരിക്കണം: കെ കെ ശിവരാമൻ
തൊടുപുഴ: ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് കൈയ്യേറി സെക്രട്ടറിയെയുംജീവനക്കാരെയും മർദ്ദിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. ജില്ലയിലെ കൈയ്യേറ്റ മാഫിയയുടെ വിഹാര കേന്ദ്രമായി ചിന്നക്കനാൽ പഞ്ചായത്ത് മാറിയിരിക്കുകയാണ്. ഏലത്തോട്ടങ്ങളും റിസോർട്ടുമടക്കം ഒട്ടനവധി വമ്പൻമാരുടെ കൈവശം ഇരിക്കുന്ന വസ്തക്കളെല്ലാം കയ്യേറ്റ ഭൂമിയാണെന്ന്
വ്യക്തമാണ്. കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി ഈ പഞ്ചായത്തിൽ കൈയ്യേറ്റ മാഫിയയുടെ അഴിഞ്ഞാട്ടം നടക്കുകയാണ്. വ്യാജപട്ടയ നിർമ്മിതിയിൽ വൈദഗ്ദ്യമുള്ള സംഘങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ പട്ടയങ്ങളും കൃത്യമായി പരിശോധനയ്ക്ക് വിധേയമാകണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൈയ്യേറ്റ മാഫിയയെക്കുറിച്ച്അന്വേഷണം നടത്തി ശക്തമായ നിയമനടപടി സ്വീകരിക്കണെമന്നും ശിവരാമൻ ആവശ്യപ്പെട്ടു.

എൻജിഒ യൂണിയൻ ,

കെജിഒഎ പ്രതിഷേധിച്ചു

തൊടുപുഴ: ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ കെട്ടിട നിർമാണ കരാറുകാരനും കൂട്ടാളികളും ആക്രമിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ കെജിഒഎ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു.

തൊടുപുഴ ഈസ്റ്റ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ,എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ.പ്രസുഭകുമാർ, ജില്ലാ ട്രഷറർ കെ സി സജീവൻ, കെജിഒഎ ഏരിയ സെക്രട്ടറി റോബിൻസൺ എന്നിവർ ഉദ്ഘാടനം ചെയ്തു.