തൊടുപുഴ: തപാൽ പാഴ്‌സൽ ഉരുപ്പടികൾ തരംതിരിച്ച് ജില്ലയിലെ വിവിധ പോസ്റ്റ്ഓഫീസുകളിൽ സമയബന്ധിതമായ എത്തി കൊണ്ടിരിക്കുന്നതതും തൊടുപുഴയിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നതുമായ പാഴ്‌സൽഹബ്ബ് കൊച്ചി പാഴ്‌സൽഹബ്ബുലേക്ക് ലയിപ്പിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, പോസ്റ്റൽ ഡയറക്ടർ, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ എന്നിവർക്ക് കത്ത് നൽകി. ജില്ലയിലെ തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്ന തൊടുപുഴയിലെ സോർട്ടിങ്ങ് ഓഫീസിനോടനുബന്ധിച്ചാണ് പാഴ്‌സൽ ഹബ്ബ് പ്രവർത്തിക്കുന്നത്. ഈ ഹബ്ബ് കൊച്ചി പാഴ്‌സൽ ഹബ്ബിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ ഇടുക്കിയിൽ നിന്നും അയക്കുന്ന പാഴ്‌സലുകൾ ഇടുക്കിയിലെ തന്നെ അഡ്രസ്സുകാരന് ലഭ്യമാകാൻ കൂടുതൽ ദിവസമെടുക്കും. സോർട്ടിംഗ് ഓഫീസിൽ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നത് ജില്ലയിലെ തപാൽ വിതരണത്തെ തന്നെ സാരമായി ബാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യകത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ എന്ന് എം. പി. കുറ്റപ്പെടുത്തി.