തൊടുപുഴ: കോട്ടയത്തെ ലാബ് അവധിയായതിനാലും ഇടുക്കിയിലെ ലാബ് പൂർണമായും സജ്ജമാകാത്തതിനാലും ഇന്നലെയും ജില്ലയിൽ കൊവിഡിന്റെ എണ്ണം കുറവാണ്. അതിനർത്ഥം കൊവിഡ് അവധിയായിരുന്നെന്നല്ല. ഓണം ആഘോഷിക്കാൻ വെളിയിൽ ഇറങ്ങുമ്പോൾ അക്കാര്യം ഓർമ വേണം. കൊവിഡിനൊപ്പമാണ് ജീവിക്കുന്നതെന്ന ബോധ്യത്തോടെ ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കണം. കടുത്ത പ്രതിരോധ മുന്നൊരുക്കങ്ങൾക്കിടയിലും ജില്ലയിലെ കൊവിഡ് കണക്കുകളിൽ കുറവില്ല. സാഹചര്യം ഇങ്ങനെ തുടർന്നാൽ വരും ദിവസങ്ങളിലും രോഗം വഴിമാറി നിൽക്കാനിടയില്ല. ഗൃഹോപകരണ മേളകൾ, പച്ചക്കറി പലചരക്ക് വിൽപ്പന കേന്ദ്രങ്ങൾ, വസ്ത്ര വിപണന ശാലകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ആവശ്യക്കാർ കൂടുതലായി എത്തുമ്പോൾ കരുതൽ മറക്കരുത്.

ആഘോഷിക്കുമ്പോൾ മറക്കരുത്

 മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്

 ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കുക

 ആൾക്കൂട്ടമുള്ളിടത്ത് അകലം പാലിക്കുക

 തിരക്ക് കുറഞ്ഞ സമയം സാധനങ്ങൾ വാങ്ങുക

 പരമാവധി വീട്ടിനുള്ളിൽ ഓണം ആഘോഷിക്കുക

 വിനോദ യാത്രകൾ ഒഴിവാക്കുക

സമയം നീട്ടുമോ

വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടണമെന്ന് ഉപഭോക്താക്കളും വ്യാപാരികളും ഒരുമിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ തീരുമാനമായില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾക്ക് നേരത്തെ താഴിടാൻ വ്യാപാരികൾ നിർബന്ധിതരാവുകയാണ്. ജനങ്ങൾ കൂടുതലായെത്തുന്ന എല്ലാ വ്യാപാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം ഓണം കഴിയും വരെയെങ്കിലും കൂട്ടി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.