രാജാക്കാട് : ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകാരൻ ഗോപി രാജൻ (46) മാനേജർ ആന്റണി രാജ (27), ജോലിക്കാരായ മുത്തുകുമാർ (30) ,വിജയ് (31), എന്നിവരെയാണ് ശാന്തൻപാറ എസ് ഐ. വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വികലാംഗനായ പഞ്ചായത്ത് സെക്രട്ടറി ടി.രഞ്ജൻ, ജീവനക്കാരായ എസ്.ശ്രീകുമാർ ,പി എസ് സുമേഷ്, മനു ഗോപി ,രാമൻ രാഘവൻ എന്നിവരാണ് ഈ സമയം പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്ത ആക്രമികൾ തുടർന്ന് സെക്രട്ടറി ടി.രഞ്ജനെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ജീവനക്കാരനായ എസ് ശ്രീകുമാരനെ പട്ടിക കഷ്ണം ഉപയോഗിച്ച് തല്ലി.പരിക്കേറ്റവരിൽ മനു ഗോപി ഒഴികെയുള്ള ജീവനക്കാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ളവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതായി ശാന്തമ്പാറ പൊലീസ് അറിയിച്ചു.പഞ്ചായത്തിന്റെ പരിധിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പരിക്കേറ്റ ജീവനക്കാർ പറയുന്നത്.ഈ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതായിരുന്നു.