തൊടുപുഴ: കേരള ഒളിമ്പിക് അസോസിയേഷൻ നടപ്പാക്കുന്ന 'സ്റ്റേ ഫിറ്റ് ' എന്ന ഓൺലൈൻ കായിക പരിശീലന പരിപാടിക്ക് മികച്ച പ്രതികരണം. കേരളത്തിലെ സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂൾ കുട്ടികളിൽ കായിക ക്ഷമതയും കായിക അവബോധവും വളർത്തുന്നതിന് സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെയും ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സിന്റെയും സഹകരണത്തോടെ തയ്യാറാക്കിയ പരിശീലന പരിപാടിയാണ് സ്റ്റേ ഫിറ്റ്. കൊവിഡ് പശ്ചാത്തലത്തിൽ വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാതെ മൊബൈൽ ചാറ്റിംഗ്, ടി.വി കാണൽ, സമയനിഷ്ഠയില്ലാതെയുള്ള ഭക്ഷണം, ഉറക്കം തുടങ്ങി അലസമായ പ്രവൃത്തികളിൽ മുഴുകി കുട്ടികൾ കൂടുതൽ അലസരും മാനസിക പ്രശ്‌നമുള്ളവരുമായി മാറാൻ ഇടയുണ്ട്. ഇത് ഒഴിവാക്കാൻ പഠനത്തോടൊപ്പം കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ദൈനംദിന കായിക പരിശീലനവും കൂടിയേ തീരൂവെന്ന് മനസിലാക്കിയാണ് കേരളത്തിലെ മുഴുവൻ കായിക സംഘടനകളുടെയും അപെക്‌സ് ബോഡിയായ കേരള ഒളിമ്പിക് അസോസിയേഷൻ ഇത്തരമൊരു പരിശീലന പരിപാടിക്ക് രൂപം നൽകിയത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്നവർ, അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർ, എട്ട് മുതൽ 12-ാം ക്ലാസ് വരെയുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽപെട്ട കുട്ടികൾക്കായി സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെയും എൽ.എൻ.സി.പി.ഇയുടെയും ഈ രംഗത്തെ വിദഗ്ദ്ധർ ശാസ്ത്രീയമായി തയ്യാറാക്കി വികസിപ്പിച്ചെടുത്ത വ്യായാമ മുറകളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 30 മുതൽ 45 മിനിറ്റുവരെ ദൈർഘ്യമുള്ള പരിപാടികൾ പ്രത്യേകം ഷൂട്ട് ചെയ്ത് കേരള ഒളിമ്പിക് അസോസിയേഷന്റെ യൂട്യൂബ് ചാനൽ, ഫേസ്ബുക് എന്നിവയിൽ അപ്ലോഡ് ചെയ്യും. കഴിഞ്ഞ 11 മുതലുള്ള മുഴുവൻ ക്ലാസുകളുടെ വീഡിയോകളും കേരള ഒളിമ്പിക് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. സ്‌കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും അവരവരുടെ വീടുകളിലിരുന്ന് വ്യായാമമുറകൾ പരിശീലിക്കാം. ജില്ലയിലെ മുഴുവൻ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകളും ഒളിമ്പിക് അസോസിയേഷൻ നടപ്പിലാക്കിയിട്ടുള്ള ഈ കായികക്ഷമതാ പരിശീലന പരിപാടിയുടെ ഭാഗമാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഫോൺ 9447980371, 9847114440. idoaidukki@gmail.com, mspavanan@gmail.com.