തൊടുപുഴ: മൂന്നാറിലെയടക്കമുള്ള തോട്ടംതൊഴിലാളി പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകൾ. അടുത്തിടെ രൂപീകൃതമായ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുക. പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടംതൊഴിലാളി കുടുംബങ്ങളെ ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്, പെമ്പിളൈ ഒരുമൈ സമര നേതാവ് ജി. ഗോമതി എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് കണ്ണൻദേവൻ ഭൂമിയിൽ ലൈഫ് മിഷൻ മാതൃകയിൽ വീട് നിർമിച്ച് നൽകുകയല്ല പരിഹാരം. സ്വന്തമായി വീടും ഭൂമിയും വേണമെന്നാണ് തോട്ടം തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഒരു സർക്കാരും ഇത് പരിഗണിച്ചിട്ടില്ല. പെട്ടിമുടിയിലെ ദുരന്തബാധിതർക്ക് കമ്പനി ഭൂമിയിൽ വീട് നിർമിച്ച് നൽകുന്നത് ഗുണം ചെയ്യില്ല. വീടുകളുടെ അവകാശം കമ്പനിക്കായിരിക്കും. പ്ലാന്റേഷൻ കമ്പനികളുടെ കൈയിലുള്ള ഭൂമി ഏറ്റെടുത്ത് തൊഴിലാളികൾക്ക് വീട് നിർമിച്ച് നൽകാൻ സർക്കാർ നടപടിയെടുക്കണം. സ്ഥലം ഏറ്റെടുത്ത് നിർമാണം പൂർത്തിയാകുന്നത് വരെ തൊഴിലാളി ലയങ്ങൾ വാസയോഗ്യമാണെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. പെട്ടിമുടിയിൽ പ്രഖ്യാപിച്ച ധന സഹായം അപര്യാപ്തമാണെന്ന് ജി. ഗോമതിയും പറഞ്ഞു. കോഴിക്കോട് വിമാന അപകടത്തിൽ പത്ത് ലക്ഷവും പെട്ടിമുടിയിൽ അഞ്ച് ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണ്. മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ തൊഴിലാളികളുടെ പ്രശ്‌നം അദ്ദേഹത്തെ ധരിപ്പിക്കാനാണ് താൻ എത്തിയത്. എന്നാൽ തന്നെ തടഞ്ഞു. കേരളം ഭരിക്കുന്നത് രാജാവാണെന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത്. കേരളത്തിലെ മുഴുവൻ തോട്ടം തൊഴിലാളികൾക്കും സ്ഥലം കണ്ടെത്തി വീട് വെച്ച് നൽകണമെന്നും കേരളത്തിലെ തോട്ടം മേഖലയിലെ തൊഴിലാളികൾ ഇപ്പോഴും അടിമ ജീവിതമാണ് നയിക്കുന്നതെന്നും ഗോമതി പറഞ്ഞു. തോട്ടം തൊഴിലാളികൾ, ദലിത് ആദിവാസി സംഘടനകൾ, ജനാധിപത്യ പൗരാവകാശ സംഘടനകൾ, സ്ത്രീ പ്രസ്ഥാനങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രക്ഷോഭം ആരംഭിക്കും. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സെപ്തംബർ 12ന് തൊടുപുഴയിൽ യോഗം ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഏകലവ്യൻ ബോധി, ശശികുമാർ കിഴക്കേടം എന്നിവർ പങ്കെടുത്തു.