 ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ഇടുക്കി: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ആശുപ്രതിയുടെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതുവരെ മെഡിക്കൽ കോളേജിന്റെ ഒ.പി പ്രവർത്തിച്ചിരുന്നത്. കൂടുതൽ സൗകര്യങ്ങളോടെ പുതിയ ആശുപ്രതി സമുച്ചയത്തിലേക്ക് ഒ.പി വിഭാഗം മാറുന്നതോടെ ജനങ്ങൾക്ക് വലിയ സൗകര്യങ്ങൾ ലഭിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചത്. മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ അംഗീകാരം റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട സർക്കാർ ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി തുടർപഠനം ഉറപ്പാക്കുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിന്റെ നൂനതകൾ പരിഹരിച്ച് അംഗീകരത്തിനായി എം.സി.ഐയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അംഗീകാരം നേടിയെടുത്ത് മറ്റ് മെഡിക്കൽ കോളേജുകൾ പോലെ ഇടുക്കി മെഡിക്കൽ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ഉദ്ഘാടനം ചെയ്യുന്നത് ആദ്യ ബ്ലോക്ക്

300 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യത്തെ ബ്ലോക്കാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് 91.79 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. നിലവിൽ ബ്ലോക്ക് ഒന്നിലെ ആശുപത്രി കോംപ്ലക്‌സിൽ എമ്പതിലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആശുപത്രി ബ്ലോക്ക് രണ്ടിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ച് അതിവേഗം പുരോഗമിച്ച് വരികയാണ്.