ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 121 പച്ചക്കറി വിപണന കേന്ദ്രങ്ങൾ നടത്തുന്നു.
കൃഷിവകുപ്പിന്റെ 96 ചന്തകളും ഹോർട്ടികോർപ്പിന്റെ ആറ് ചന്തകളും വി.എഫ്.പി.സി.കെയുടെ 19 ചന്തകളുമാണ് നടത്തുന്നത്. പഞ്ചായത്ത്തല ഇക്കോഷോപ്പ്, ആഴ്ച ചന്ത, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബി.എൽ.എഫ്.ഒ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖേനയാണ് ഓണചന്തകൾ നടത്തുന്നത്. 'ഓണ വിപണി 2020'ന്റെ ജില്ലാതല ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ, തൊടുപുഴയിൽ നിർവഹിച്ചു. 30 വരെയുള്ള തീയതികളിലെ സംഭരണ- വില്പന വില എല്ലാ ദിവസവും രാവിലെ കൃഷിവകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മൂന്നാർ, വട്ടവട പ്രദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഉത്പാദിപ്പിക്കുന്ന അധിക ശീതകാല പച്ചക്കറികൾ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ചുമതല ഹോർട്ടികോർപ്പിനാണ്. കർഷകർക്ക് പൊതുവിപണിയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് പൊതുവിപണി വില്പനവിലയിൽ നിന്ന് 30ശതമാനം കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.