പെട്ടിമുടിയിൽ തിരച്ചിൽ നിറുത്തി ദൗത്യസംഘം മടങ്ങിമൂന്നാർ: രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെട്ട് കാണാതായവർക്കായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി. പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാൽ പ്രദേശവാസികളുടെ സഹായത്തോടെ അഗ്നിരക്ഷാ, പൊലീസ് സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പെട്ടിമുടിയിലെ ലയങ്ങളിൽ താമസിച്ചിരുന്ന ഗാന്ധിരാജിന്റെ ഭാര്യ റാണി (44), ഗാന്ധിരാജിന്റെ മകൾ കാർത്തിക (21), ഷൺമുഖനാഥന്റെ മകൻ ദിനേഷ് കുമാർ (20), പ്രതീഷിന്റെ ഭാര്യ കസ്തൂരി (26), മകൾ പ്രിയദർശിനി (ഏഴ്) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു തോട്ടം തൊഴിലാളി ലയങ്ങളെ വിഴുങ്ങിയ ഉരുൾപ്പൊട്ടലുണ്ടായത്. ദുരന്തത്തിൽ ഗതാഗതവാർത്ത വിനിമയവൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്‌നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. പ്രദേശവാസികളോടൊപ്പം അഗ്‌നിരക്ഷാസേന നടത്തിയ രക്ഷാപ്രവർത്തനത്തിൽ ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശിയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. തുടർന്ന് ദിവസങ്ങളോളം നടന്ന തിരച്ചിലിൽ 65 മൃതദേഹങ്ങൾ കണ്ടെടുത്തു. ബാക്കി 65 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. അവസാന ആളെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് അറിയിച്ചങ്കിലും വനമേഖലയിലെ വന്യജീവി സാന്നിദ്ധ്യവും മഴയും മഞ്ഞും തിരച്ചിലിന് തിരിച്ചടിയായി. അഗ്‌നിരക്ഷാ സേന, ദേശിയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, സാഹസിക സംഘം, വനം, പൊലീസ്, റവന്യൂ- പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഏകോപ്പിച്ചായിരുന്നു തിരച്ചിൽ. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.