ഇടുക്കി: കൊവിഡ് മഹാമാരിയിൽ തകർന്ന വിനോദ സഞ്ചാര രംഗത്തെ പിന്തുണയ്ക്കുന്നതിന് മുഖ്യമന്ത്രിയുടെ വിനോദ സഞ്ചാര വികസന ധനസഹായ പദ്ധതിയിൽ രണ്ടു വായ്പാ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കുന്നു. ടൂറിസം രംഗത്തെ സ്ഥാപനങ്ങൾക്കും സംരംഭകർക്കും പ്രവർത്തന മൂലധനമായി വായ്പ അനുവദിക്കും. മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തിഗത വായ്പയായും നൽകും. സ്റ്റേറ്റ് ബാങ്കേഴ്‌സ് സമിതിയുടെയും കേരള ബാങ്കിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 വ്യാപനത്തിന് കുറവുണ്ടായാൽ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവുണ്ടാക്കുന്നതിനാണ് വായ്പാ പദ്ധതി ലക്ഷ്യമിടുന്നെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/tourism-loan-schemes വെബ്‌സൈറ്റ് സന്ദർശിക്കണം.