pettimudi

മൂന്നാർ: ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യ സംഘം പെട്ടിമുടിയിൽ നിന്ന് മടങ്ങി. 18 ദിവസമായി തുടരുന്ന തെരച്ചിലാണ് താത്കാലികമായി അവസാനിപ്പിച്ചത്. പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാൽ പ്രദേശവാസികളുടെ സഹായത്തോടെ അഗ്നിരക്ഷാ,​ പൊലീസ് സേനകളുടെ നേതൃത്വത്തിൽ തെരച്ചിൽ പുനഃരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്.

പെട്ടിമുടിയിലെ ലയങ്ങളിൽ താമസിച്ചിരുന്ന ഗാന്ധിരാജിന്റെ ഭാര്യ റാണി (44), ഗാന്ധിരാജിന്റെ മകൾ കാർത്തിക (21), ഷൺമുഖനാഥന്റെ മകൻ ദിനേഷ് കുമാർ (20), പ്രതീഷിന്റെ ഭാര്യ കസ്തൂരി (26), മകൾ പ്രിയദർശിനി (ഏഴ്) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ആഗസ്റ്റ് ആറിന് രാത്രി 10.45നാണ് തോട്ടം തൊഴിലാളി ലയങ്ങളെ വിഴുങ്ങിയ ഉരുൾപ്പൊട്ടലുണ്ടായത്. ദുരന്തത്തിൽ ഗതാഗതവാർത്ത വിനിമയവൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. ദുരന്തത്തിലകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷിച്ചിരുന്നു. 65 മൃതദേഹങ്ങളും കണ്ടെത്തി.