ഇടുക്കി: ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനരഹിതരായവർക്ക് പുതിയ വീടുകൾ ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 9 വരെ ദീർഘിപ്പിച്ചു. കൊവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി നിലനിൽക്കുന്നതിനാൽ അപേക്ഷകൾ സമർപ്പിക്കാനും വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാനും കാലതാമസം നേരിട്ടതിനെത്തുടർന്ന് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. 2017ൽ ഇപ്പോൾ നിർവഹണം നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവരെ ഉൾപ്പെടുത്തുന്നതിനാണ് ആഗസ്റ്റ് 1 മുതൽ പുതിയ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ജില്ലയിൽ, ഇതുവരെ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 31552 ഉം ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തിൽ 8635 ഉം അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ തദ്ദേശ സ്ഥാപനതല ഹെൽപ്പ് ഡെസ്‌ക് വഴിയോ അപേക്ഷ സമർപ്പിക്കാം.