തൊടുപുഴ: കൊറിയർ വിതരണത്തിനെത്തിയ യുവാവിനെ മൂന്നംഗ സംഘം മർദിച്ച് പരിക്കേൽപിച്ച ശേഷം പണം കവർന്നതായി പരാതി. കലയന്താനി കുഴിമാക്കൽ ഡാൽവിൻ കെ. ജോസിനെയാണ് (20) ഹെൽമറ്റിനും ചുടുകട്ടക്കും ഇടിച്ച് പരിക്കേൽപിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. മങ്ങാട്ടുകവലയിലെ കൊറിയർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഡാൽവിൻ പാഴ്‌സൽ നൽകുന്നതിന് പോകുന്ന വഴിയിലായിരുന്നു ആക്രമണം. കീരികോട് സ്വദേശിക്ക് പാഴ്‌സൽ നൽകാനാണ് പോയത്. അവിടെയെത്തി വിളിച്ചപ്പോൾ ഇടവെട്ടിയിലാണെന്നും അവിടേക്ക് വരാനും പറഞ്ഞു. അവിടെയെത്തിയപ്പോൾ തെക്കുംഭാഗത്താണെന്നും അവിടെ വരാനും പറഞ്ഞു. അവിടെ ചെന്നപ്പോൾ കീരികോട് കുരിശുപള്ളിയുടെ അടുത്തെത്താനാണ് പറഞ്ഞത്. പല സ്ഥലത്ത് എത്താൻ പഞ്ഞതോടെ കൃത്യ സ്ഥലം പറയണമെന്ന് ഡാൽവിൻ പറഞ്ഞു. തുടർന്ന് കീരികോട് എത്തിയപ്പോൾ മൂന്നംഗ സംഘമെത്തി ഹെൽമറ്റ് ഊരി ഡാൽവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ചുടുകട്ടകൊണ്ട് ഇടിച്ചു. പരിക്കേറ്റ ആൽവിൻ ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആൽവിന്റെ പഴ്‌സും കാണാതായിട്ടുണ്ട്. ഇതിൽ കളക്ഷൻ തുകയായി ലഭിച്ചതുക ഉൾപ്പെടെയുണ്ട്. സംഭവത്തിൽ ഒരാളെ പിടികൂടിയതായും ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും തൊടുപുഴ സി.ഐ പറഞ്ഞു.