മൂന്നാർ: സിവിൽ സപ്ലൈസ് വകുപ്പിന്റെ ലോറിയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച റേഷൻ കടല റവന്യൂ സംഘം പിടിച്ചെടുത്തു. കന്നിമലയ്ക്കു സമീപത്ത് 50 കിലോ കടലയാണ് മൂന്നാർ സ്‌പൈഷ്യൽ തഹസിൽദാർ ബിനു ജോസഫിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ലോറിയിൽ നിന്ന് സാധനങ്ങൾ കാറിലേക്ക് മാറ്റുന്നത് കണ്ട തഹസീൽദാർ നടത്തിയ പരിശോധനയിലാണ് ബില്ലിൽപ്പെടാത്ത 50 കിലോയുടെ കടല കണ്ടെടുത്തത്. കടലാറിലെ 46 നമ്പർ റേഷൻ കട വഴി ബി.പി.എൽ കാർഡ് ഉടമകൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതനായി കേന്ദ്ര സർക്കാർ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച കടലയാണിത്. ബില്ലിൽ റേഷൻ കടയിലേക്ക് 164 കിലോ കടലയാണ് ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ വാഹനത്തിൽ നിന്ന് 214 കിലോ കടല കണ്ടെടുത്തു. ലോറിയിൽ നടത്തിയ പരിശോധനയിൽ ബാക്കി സ്റ്റോക്ക് ശരിയായിരുന്നു. പിടിച്ചെടുത്ത കടല സംബന്ധിച്ച് കളക്ടർ, ദേവികുളം സബ് കളക്ടർ എന്നിവർക്ക് റിപ്പോർട്ടുനൽകിയതായി സ്‌പെഷ്യൽ തഹസീൽദാർ പറഞ്ഞു.