ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ജാതിയും മതവും ഭാഷയുടെ അതിർവരമ്പുകളുമൊക്കെ മാറ്റിവെച്ച് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് മലയാളി ഉള്ളയിടങ്ങളിലെല്ലാം ഓണം ആഘോഷിച്ച് പോരുന്നു.

സമൃദ്ധിയുടെ ആ നല്ല നാളുകളെ ഓർമ്മപ്പെടുത്തുന്ന ഓണനാളുകൾ, മാലോകരെല്ലാം സമൻമാരായിരുന്ന ആ കാലം,അത് വീണ്ടെടുക്കാനുള്ള സമയമായിത്തന്നെയാണ് ഓണവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും നടത്തുന്നത്. ആഘോഷങ്ങൾക്ക് കാലാകാലങ്ങളിൽ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും മലയാളി മനസിൽ ഓണം നൽകുന്ന ആനന്ദം ചെറുതല്ല.

ഓണത്തിന് ഇത്തവണ എന്തൊക്കെ ആഘോഷങ്ങൾ ഇല്ല എന്നതല്ല, ഉള്ളത്കൊണ്ട് എങ്ങനെ ആഘോഷം പൊലിപ്പിക്കാം എന്നാണ് ഓരോ മലയാളിയും ചിന്തിക്കുന്നത്. കൊവിഡിന്റെ രൂപത്തിൽ ലോകത്താകെ പ്രതിസന്ധി ഉണ്ടായിട്ടുണ്ട് എന്നത് വസ്തുത വന്നെ. അതിനെത്തുടർന്ന് ഓണാഘോഷത്തിലെ ചില ഒത്തുചേരലുകളും ചടങ്ങുകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികം. പേമാരിയായും പ്രളയമായും അങ്ങനെ മുൻകാലങ്ങളിലും ചില പ്രതിസന്ധികൾ വന്നിരുന്നു. അപ്പോഴും മലയാളികൾചില ആഘോഷങ്ങൾ ഒഴിവാക്കിയാണെങ്കിലും മാവേലിമന്നനെ പതിവ് ചിട്ടവട്ടങ്ങളിലൂടെ എതിരേൽക്കുക തന്നെ ചെയ്തിരുന്നു. അത്തം മുതൽ പൂക്കളങ്ങൾ വീടുകളിൽ ഇട്ടുതുടങ്ങി. ഇനി പുതുവസ്ത്രങ്ങളും വീട്ടിലേയ്ക്കാവശ്യമായ ചെറുതും വലുതുമായ ഉപകരണങ്ങളും എല്ലാം വാങ്ങുന്നതിന് തിരക്ക്കൂട്ടുന്ന കാലവുമാണിത്. ഓണക്കാലം ഓഫറുകളുടെ കാലമാണ് എന്നതിനാൽ വിപണി പിടിച്ചെടുക്കാൻ വമ്പൻ ഓണഓഫറുകൾ വന്ന് കഴിഞ്ഞു. കച്ചവടങ്ങൾ അങ്ങനെ പൊടിപൊടിക്കാനുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട്. ആലസ്യംവിട്ട് കടകമ്പോളങ്ങൾ പുത്തൻ ഉണർവിലേയ്ക്ക് എത്തിയതിന്റെ ശുഭ സൂചനകൾ എവിടെയും ദൃശ്യമായിത്തുടങ്ങി. വർഷത്തിൽ ഒരിക്കൽ എത്തുന്ന തങ്ങളുടെ ഉത്സവത്തെ ആഘോഷവേളകളാക്കി മാറ്റുകയാണ്.അതേ ഇനി ആഘോഷത്തിന്റെ നാളുകളാണ്, ഒരുമയുടെ സന്ദേശം വിളിച്ചോതുന്ന നാളുകളാണ്. ആഘോഷങ്ങളിൽ പങ്കാളികളളാകാൻ മലയാളികൾ ഒത്തുചേരുന്ന ആ നല്ല നാളുകൾ സമാഗതമായി.