തൊടുപുഴ: നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറായി 11 വർഷം മുമ്പ് വിരമിച്ചയാൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കി രണ്ട് മാസത്തിനകം വിരമിക്കൽ ആനുകൂല്യം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചരക്കു സേവന നികുതി കമ്മീഷണർക്കാണ് ഉത്തരവ് നൽകിയത്. തൊടുപുഴ സ്വദേശി കെ.ആർ. വിശ്വന് ആനുകൂല്യം നൽകാനാണ് ഉത്തരവ്.

പരാതിക്കാരനായ കെ.ആർ. വിശ്വനെ 2008 ജനുവരിയിൽ സസ്‌പെന്റ് ചെയ്തു. സസ്‌പെൻഷനിലിരിക്കെ 2008 ഓഗസ്റ്റിൽ സർവീസിൽ നിന്നും വിരമിച്ചു.പരാതിക്കാരന് എതിരായ ശിക്ഷണ നടപടികൾ 2015ൽ സർക്കാർ അവസാനിപ്പിക്കുകയും 2016ൽ ഉത്തരവിറക്കുകയും ചെയ്തു.തുടർന്ന് ആനുകുല്യങ്ങൾക്കായി സർക്കാരിനെ സമീപിച്ചപ്പോൾ തുക കാലഹരണപ്പെട്ടതിനാൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചു. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ ആനുകൂല്യങ്ങൾ നൽകാമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

സർക്കാർ യഥാസമയം പ്രവർത്തിച്ചിരുന്നെങ്കിൽ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലഹരണപ്പെടുമായിരുന്നില്ലെന്ന് പരാതിക്കാരൻ വാദിച്ചു.ഒരാളെ സസ്‌പെന്റ് ചെയ്താൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കേണ്ട ചുമതല അധികൃതർക്കുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു. തുക കാലഹരണപ്പെട്ടതാണെന്ന വാദം കമ്മീഷൻ തള്ളി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി പരാതിക്കാരന് ആനുകുല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.