തൊടുപുഴ: പൈനാപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ശനിയാഴ്ച ഡീൻ കുര്യക്കോസ് എം.പി ഉപവാസം അനുഷ്ടിക്കും. കടക്കെണിമൂലം ആയവന പഞ്ചായത്തിൽ കർഷകനായ അനിൽ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ, കർഷക ആത്മഹത്യകൾ തുടർകഥ ആകാതിരിക്കാൻ പൈനാപ്പിൾ കർഷകരുടെ ലോണുകൾ മുഴുവനായും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.പി ഉപവസിക്കുന്നത്. കൊവിഡ് 19 ന്റ് പശ്ചാത്തലത്തിൽ ദുരന്തത്തിലായ പൈനാപ്പിൾ കർഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നാളിതുവരെ സാധിച്ചിട്ടില്ല. കർഷകർക്ക് ന്യായവില ഉറപ്പാക്കുന്ന തരത്തിൽ സംഭരണം ഫലപ്രദമാക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം തുടരുകയാണ്. കർഷകരുടെ കടങ്ങൾ പൂർണമായി എഴുതിത്തള്ളി കുറഞ്ഞ പലിശയിൽ പുതിയ ലോണുകൾ അനുവദിക്കണമെന്നും ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10 മുതൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ആരംഭിക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ തുടങ്ങിയവർ ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുഖ്യ പ്രഭാഷണം നടത്തും.