തൊടുപുഴ: ഓണനാളുകളിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് 24 മണിക്കൂറും റോഡുകളിൽ പ്രത്യേക നിരീക്ഷണം നടത്താൻ തീരുമാനിച്ചു. തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസും ഇടുക്കി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി വാഹന പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രായപൂർത്തിയാകാതെയും ലൈസൻസ് ഇല്ലാതെയും വാഹനമോടിക്കുന്നവർ, മദ്യപിച്ചു വാഹനം ഓടിക്കുന്നവർ, അനധികൃതമായി വാഹനത്തിൽ രൂപമാറ്റം വരുത്തുക, കൊവി ഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, വാഹനം ഓടിക്കുന്ന ഡ്രൈവർമാർ നിശ്ചിത യൂണിഫോം ധരിക്കാതിരിക്കുക ഹെൽമെറ്റ് സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കാതെ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ഈപോസ് മെഷീൻ, ഇ ചെല്ലാൻ സംവിധാനത്തിലൂടെ ശക്തമായ നടപടികൾ എടുക്കുന്നതാണ്. കുട്ടികൾക്ക് വാഹനം കൊടുത്തു വിടുന്ന രക്ഷിതാക്കൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ജോയിന്റ് ആർടിഒ പി എ നസീർ നിർദേശിച്ചു.