തൊടുപുഴ: ലയങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . പഴയ കാലത്തെ പാട്ടക്കരാർ മാത്രം കയ്യിലുള്ള എസ്റ്റേറ്റ് മുതലാളിമാരെ നിലയ്ക്ക് നിർത്താൻ ആരും തയാറാവുന്നില്ല .മാറി മാറി കേരളം ഭരിക്കുന്നവർ ഇവർക്ക് സംരക്ഷണം കൊടുക്കുകയാണ് . രാജമലയിൽ ജീവൻ നഷ്ടപ്പെട്ടവർ ലയങ്ങളിൽ താമസിച്ചവരാണ് .ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അടിമകളെപ്പോലെ പണിയെടുക്കുന്ന തൊഴിലാളികൾ കിടക്കുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി ലയത്തിലാണ് .മലമൂത്ര വിസർജനത്തിന് പോകാൻ കിലോമീറ്ററുകൾ നടക്കണം.ലയങ്ങളിൽ നടക്കുന്ന പീഡനങ്ങൾ പുറും ലോകും അറിയുന്നില്ല . വന്യജീവികൾക്ക് സംരക്ഷണം കൊടുക്കുന്ന സർക്കാർ ലയങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ തയാറാകണമെന്ന് ബി. ഡി. ജെ. എസ് ജില്ലാ പ്രസിഡന്റ് വി ജയേഷ് പറഞ്ഞു .എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ മാനേജ്‌മെന്റ് തയ്യാറാകണം എന്ന് നിയമം ഉള്ളപ്പോഴാണ് തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്നത് .