ഓണ വിപണി ലക്ഷ്യമിട്ട് ജില്ലയിൽ വാറ്റുചാരായ നിർമ്മാണം സജീവമായി. എക്സൈസിനും പൊലീസിനും രഹസ്യവിവരം ലഭിച്ച ഏതാനും കേസുകളിൽ നടപടി ആയിട്ടുണ്ടെങ്കിലും ഇപ്പോഴും വാറ്റുകാർ സജീവമായി രംഗത്തുണ്ട്.
ചെറുതോണി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യ വിൽപ്പന പൊടിപൊടിക്കുന്നു. കമ്പളി കണ്ടം, പാറത്തോട്, പണിക്കൻ കുടി, ഇരുമല കപ്പ്, മുക്കുടം, അഞ്ചാംമൈൽ, മുനിയറ, കൊന്നത്തടി മേഖലകളിലാണ് ഓണക്കാലത്തോടനുബന്ധിച്ച് വ്യാപകമായി വ്യാജമദ്യവും ചാരായവും നിർമാണവും വിൽപ്പനയും നടത്തുന്നത്. മൊത്തവിൽപനയും ചില്ലറ വിൽപനയുമുണ്ട്. കമ്പളികണ്ടത്ത് പനം കൂട്ടി റോഡ് പാടം റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും, പാറത്തോട്ടിൽ ഇരുമല കപ്പിൽ അയ്യപ്പൻ മല റോഡിലും
പണിക്കൻ കുടിയിൽ ചിന്നാർനിരപ്പ് റോഡിലും, ഗവൺമെന്റ് സ്‌കൂൾ ജംഗ്ഷനിലും, കുരിശിങ്കൽ റോഡിലുമാണ് വിൽപനക്കാർ തമ്പടിച്ചിട്ടുള്ളത് മുക്കുടത്ത് ചതുരകള്ളിപ്പാറ റോഡിലും അഞ്ചാം മൈൽ കേന്ദ്രീകരിച്ചും, തിങ്കൾകാട്ടിൽ കരിമല റോഡിലുംഇവരുടെ കച്ചവടം നടക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ പൊൻമുടി തേക്കും പ്ലാന്റേഷനിലും പെരിഞ്ചാം കൂട്ടി പോറസ്റ്റ് വനത്തിലും വ്യാജമദ്യം നിർമിച്ച് അറകളുള്ള ജീപ്പിലും പെട്ടി ആപ്പകളിലും കുപ്പികളിൽ കളർ ചേർത്ത് കന്നാസുകളിൽ വാറ്റുചാരായം മൊത്തമായി ചില്ലറ വിൽപനക്കാരുടെ പക്കൽ എത്തിക്കുകയാണ്.ചില സ്ഥലങ്ങളിൽ പകൽ സമയങ്ങളിലും പരസ്യമായി മദ്യം വിൽക്കുന്നുണ്ട്.
ചെറുതോണി: അഞ്ചു ലിറ്റർ ചാരായവും ചാരായ നിർമാണത്തിന് പാകപ്പെടുത്തിയ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ഉപ്പുതോട് കൊച്ചുകരിമ്പൻ കറുകപ്പള്ളിൽ ജോയിയുടെ വീട്ടിൽ നിന്നാണ് ചാരായം കണ്ടെടുത്തത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായം പിടികൂടിയത്. പ്രതി ഓടി രക്ഷപെട്ടതിനാൽ അറസറ്റ് ചെയ്യാൻ സാധിച്ചില്ല. എക്‌സൈസ് ആന്റി നാർക്കോട്ടിക് ആന്റ് സ്‌പെഷ്യൽ സ്‌ക്വാഡിലെ എസ്.സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.ഡി. സജിമോൻ, വി.പി വിശ്വനാഥൻ, പി.ടി സിജു, സിവിൽ എക്‌സൈസ് ഓഫീസർ ജോഫിൻ ജോൺ, ആർ. മുകേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എം സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.