medical
ഇടുക്കി മെഡിക്കൽകോളേജിന്റെ ഒ. പി വിഭാഗം ഉദ്ഘാടനത്തിന് ശേഷം മന്ത്രി എം. എം. മണിയും വിശിഷ്ടാതിഥികളും ഒ. പി സന്ദർശിക്കുന്നു

ഇടുക്കി :ജില്ലയുടെ സ്വപ്ന സാക്ഷാത്ക്കാരം മെഡിക്കൽ കോളേജിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്ന നിലക്ക് ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മെഡിക്കൽ കോളേജിൽ കൂടുതൽ വിപുലമായ ചികിത്സാ സൗകര്യങ്ങളും ഒ.പി സംവിധാനങ്ങളും ആരംഭിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്തംഭനാവസ്ഥ ഉണ്ടായത്. അത് പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ച് മെഡിക്കൽ വിദ്യാഭ്യാസം വീണ്ടെടുക്കാൻ കഴിയുന്ന അവസ്ഥയാണ് ഇതോടെ സംജാതമാകുന്നതെന്ന് ആശുപത്രി സമുച്ചയത്തിലെ പുതിയ ഒപി വിഭാഗം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിലവിൽ 80 കിടക്കകളുള്ള ആശുപത്രിയിൽ 300 കിടക്കകളും സൗകര്യങ്ങളുമൊരുക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് വിപുലമായ ഒ.പി പ്രവർത്തനം ആരംഭിക്കുന്നത്. ഇതുവരെ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിച്ച് വന്നതെങ്കിൽ, ഒപി വിഭാഗം കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറുന്നത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.എം മണി മുഖ്യപ്രഭാഷകനായിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിന്നു. റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതവും എംഎൽഎമാരായ ഇ എസ് ബിജിമോൾ, പി ജെ ജോസഫ്, എസ് രാജേന്ദ്രൻ എന്നിവർ ആശംസാപ്രസംഗവും നടത്തി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ പ്രിയ എൻ എന്നിവരും സംബന്ധിച്ചു.