നെടുങ്കണ്ടം: രാത്രി കാലങ്ങളിൽ മണൽ കടത്തിയ ലോറി പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തു. ചിന്നാർ പുഴയിൽ അനധികൃതമായി മണൽ കടത്തിയ പിക്കപ്പ് ലോറിയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 11ന് നെടുങ്കണ്ടം ചക്കക്കാനത്തു നിന്നുമാണ് ലോറി മണലുമായെത്തിയത്. രാത്രി കാലത്ത് മണൽ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തിയത്. മണൽ കടത്തിയ പിക്കപ്പ് ലോറിക്കു 1.4 ലക്ഷം രൂപ ദേവികുളം സബ്കളക്ടർ പിഴ ചുമത്തി. പിടിച്ചെടുത്ത വാഹനം ദേവികുളം സബ്കളക്ടർ മുമ്പാകെ ഹാജരാക്കിയതായി നെടുങ്കണ്ടം എസ്.എച്ച്.ഒ അറിയിച്ചു.