തൊടുപുഴ: ഒടുവിൽ കൂവേക്കുന്നിലെ മാലിന്യം അധികൃതരുടെ കണ്ണിൽപ്പെട്ടു, പ്രദേശം വൃത്തിയായി. തൊണ്ടിക്കുഴനടയം റോഡിന്റെ ഭാഗമായ കൂവേക്കുന്നിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത്. ഇടവെട്ടി പഞ്ചായത്തിന്റെ മൂന്നാം വാർഡിൽപ്പെട്ട മേഖലയാണിത്. ആളൊഴിഞ്ഞ മേഖല ആയതിനാൽ ഇത് മുതലെടുത്താണ് പ്ലാസ്റ്റിക്ക് കൂടിലടക്കം കെട്ടി വൻതോതിൽ മാലിന്യം ഇവിടെ നിക്ഷേപിച്ചിരുന്നത്. ഈ വഴിയിലൂടെ മൂക്ക് പൊത്താതെ സഞ്ചരിക്കാനാകാത്ത സ്ഥിതിയായിരുന്നു. റോഡിലും റോഡിനോട് ചേർന്ന് പുല്ലുകയറി മൂടിയ കാനയിലുമാണ് മാലിന്യങ്ങൾ തള്ളിയിരുന്നത്. കഴിഞ്ഞ ദിവസം ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് ഈ കുഴികളെല്ലാം മൂടി. ഇവിടെ തള്ളിയിരുന്ന മാലിന്യവും നീക്കി. അതേ സമയം റോഡിന്റെ മറുവശത്ത് ഇത്തരത്തിൽ വീണ്ടും മാലിന്യം തള്ളാൻ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. നിലവിൽ കയറ്റം കയറി നിരപ്പെത്തുന്നത് വരെയാണ് ശുചീകരിച്ചത്. വീണ്ടും ഇറക്കമാണ്. ഈ ഭാഗത്തും വീടുകളില്ലാത്തതാണ് സാമൂഹ്യവിരുദ്ധർ മുതലെടുക്കുന്നത്.
ഇനി കാമറ കണ്ണുണ്ടാകും
സ്ഥലത്ത് കാമറ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നത് വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. പഞ്ചായത്തിലെ തന്നെ മീൻമുട്ടിയിലും മാലിന്യം തള്ളുന്നുണ്ട്. ഇവിടേയും കാമറ സ്ഥാപിക്കും
-സിബി ജോസ് (പഞ്ചായത്ത് പ്രസിഡന്റ് )