മൂന്നാർ: 400 കിലോ റേഷൻ അരി മൂന്നാറിലെ വനമേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ- മറയൂർ റോഡിൽ നൈമക്കാടിന് സമീപമാണ് കുത്തരിചാക്കുകൾ കണ്ടെത്തിയത്. വനമേഖലയിലും പുഴയിലുമായി വിതറിയ നിലയിലാണ്. കഴിഞ്ഞ ദിവസം ഇതു വഴി പോയ തൊഴിലാളികളാണ് ചാക്കിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ അരി കണ്ടെത്തിയത്. റേഷൻ കടകളിൽ നിന്നും അരി കടത്തുന്നതിനിടയിൽ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതറിഞ്ഞ് കള്ളക്കടത്തുകാർ ഉപേക്ഷിച്ചു കടന്നതായാണ് സൂചന. കടലാർ, വാഗുവര, നൈമക്കാട്, കന്നിമല മേഖലകളിലെ റേഷൻ കടകളിൽ നിന്നുള്ള അരിയാണിതെന്നാണ് സൂചന. ദേവികുളം താലൂക്ക് സപ്ളൈ ആഫീസറുടെ നേതൃത്വത്തിൽ അരി കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് ഈ മേഖലയിലെ തൊഴിലാളികളിൽ നിന്ന് റേഷനരി വാങ്ങിയത് സംബന്ധിച്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ് ആരംഭിച്ചു. ദേവികുളം താലൂക്ക് സപ്ളൈ ഓഫീസർ എൻ. ശ്രീകുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്. ഗോപി, അജിത്കുമാർ, രവികുമാർ, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. അരി കടത്തിയ റേഷൻ കട സംബന്ധിച്ച് വിവരം ലഭിച്ചതായി സപ്ളൈ ഓഫീസർ പറഞ്ഞു.