vatt

ചെറുതോണി:മണിയാറൻകുടി പകിട്ടാനിൽനിന്നും 600 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും ,വാറ്റുപകരണങ്ങളും പിടികൂടി. ഓണത്തോടനുബന്ധിച്ച് വില്പനക്കായി തയ്യാറാക്കിയ ചാരായമാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് തെക്കും പാറയിൽ സെബാസ്റ്റ്യനെ (53) എക്‌സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു . തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെയും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയിലാണ് കണ്ടെത്തിയത്. മണിയാറൻകുടി മേഖലയിൽ നിന്നും ജില്ലയുടെ മറ്റിടങ്ങളിലേക്ക് വൻതോതിൽ ചാരായം വിൽപ്പന നടത്തുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.ഇതിൻ പ്രകാരം പ്രദേശത്ത് ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. രാവിലെ അഞ്ച് മണിയോടുകൂടി തങ്കമണി എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധന നടത്തിയതിനെ തുടർന്ന് വീടിനു സമീപമുള്ള പന്നിഫാമിൽ വാറ്റിക്കൊണ്ടിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്ത് മൂന്ന് ബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ എം.പി. പ്രമോദ് , പി.ഡി.സേവ്യർ, കെ.കെ.സുരേഷ് കുമാർ , സി.സി. സാഗർ, സ്‌ക്വാഡ് അംഗങ്ങളായ ബി രാജ്കുമാർ , ടി.എ.അനീഷ്, തങ്കമണി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.ഡി. സജീവ് കുമാർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ജഗൻ കുമാർ , അജേഷ് ടി ഫിലിപ്പ്, സുനിൽകുമാർ , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീനാ തോമസ് എന്നിവർ പങ്കെടുത്തു.