ഭൂമിപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കൊണ്ടുള്ള 4ാം ദിവസത്തെ കേരളാ കോൺഗ്രസ്സ്(എം) സത്യഗ്രഹസമരം കെ.പി.സി.സി സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കൂടിയ സർവ കക്ഷിയോഗം ചർച്ച ചെയ്ത് തയാറാക്കിയ ജനപക്ഷ നിർദ്ദേശങ്ങൾ എട്ട് മാസമായിട്ടും നടപ്പാക്കാത്തത് ഇടതു സർക്കാരിന്റെ ജനവഞ്ചനയുടെ ഉദാഹരണമാണെന്ന് കെ.പി.സി.സി സെക്രട്ടറി റോയി കെ. പൗലോസ് പറഞ്ഞു. നാലാം ദിവസത്തെ കേരളാ കോൺഗ്രസ് (എം) റിലേ സത്യഗ്രഹം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്‌ന പരിഹാരം തേടി കേരളാ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും എല്ലാവിധ പിന്തുണയും കെ.പി.സി.സി സെക്രട്ടറി അറിയിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. തോമസ് പെരുമന സത്യഗ്രഹമിരുന്നു. ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ശനിയാഴ്ച ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് സത്യാഗ്രഹമിരിക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച കെ.ടി.യു.സി (എം) നേതാവ് വർഗീസ് സക്കറിയ സത്യാഗ്രഹമനുഷ്ഠിക്കും. കേരളാകോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.