lija

ചെറുതോണി: ഉത്തര കൊറിയയിൽ ഗവേഷക വിദ്യാർത്ഥിയായ വാഴത്തോപ്പ് സ്വദേശിനി എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷേർലിയുടെ മകൾ ലീജ ജോസ്( 28) ആണ് മരിച്ചത്. നാലുവർഷമായി ഉത്തര കൊറിയയിൽ ഗവേഷക വിദ്യാർത്ഥിനിയാണ്. പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് വ്യാഴാഴ്ച വൈകിട്ട് എയർപോർട്ടിലെത്തിയ ലീജ അവിടെ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഫെബ്രുവരിയിൽ ലീജ അവധിക്ക് നാട്ടിൽ വന്നിരുന്നു. കൊവിഡ് പ്രതിസന്ധിമൂലംനാട്ടിൽ തങ്ങി. സെപ്തംബറിൽ വിസ കാലാവധിതീരുകയും കോഴ്‌സ് പൂർത്തിയാവുകയും ചെയ്യുന്നതിനാൽ ആഗസ്റ്റ് ആറിന് കൊറിയയിലേയ്ക്ക് തിരികെ പോയി. അവിടെയെത്തി ക്വാറൻറൈനിൽ കഴിഞ്ഞപ്പോൾ ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടു. എന്നാൽ വിദഗദ്ധ ചികിത്സ ലഭ്യമായില്ല. ക്വാറൻറൈൻ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് തിരികെ നാട്ടിലേയ്ക്ക് പോരുകയായിരുന്നു. അതിനിടെയാണ് അത്യാഹിതം സംഭവിച്ചത്.സഹോദരങ്ങൾ ലീജോ, ലീനോ.

മൃതദേഹം നാട്ടിലെത്തിക്കാൻ എം. പിമാരായ ഡീൻ കുര്യാക്കോസ് , അൽഫോൺസ് കണ്ണന്താനം, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവർ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് നടപടികളാരംഭിച്ചു.