ചെറുതോണി : പട്ടയ ഭൂമിയിൽ നിർമ്മാണം സംബന്ധിച്ച് കോടതി ഇടപെടലിനെ തുടർന്ന് നിർമ്മാണ നിയന്ത്രണം കേരളം മുഴുവൻ വ്യാപകമായിരിക്കുകയാണ്. അതിനാൽപട്ടയ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിന് നിയമഭേദഗതി വരുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകൾ ഇറക്കുമതി ചെയ്യുമ്പോൾ നൽകുന്ന വില പോലും കർഷകർക്ക് ലഭ്യമാകുന്നില്ല. ഏലം, കുരുമുളക്, റബ്ബർ, ജാതി, ഗ്രാമ്പു തുടങ്ങിയ വിളകൾക്ക് വിപണി വില ഉറപ്പാക്കാത്തതിനാൽ കർഷകർക്ക് നഷ്ടം സംഭവിക്കുകയാണ്. നാണ്യവിളകൾക്ക് താങ്ങുവില ഉറപ്പാക്കണം.
കൃഷിഭൂമിയിലെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ആനയുടെ ആക്രമണത്തിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് പത്തിലധികം ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ഇതോടൊപ്പം കൃഷിഭൂമിയിൽ ഉണ്ടാക്കുന്ന നഷ്ടങ്ങൾ അതിഭീമമാണ്. വനം വകുപ്പ് വനാതിർത്തികളിൽ ഫെൻസിങ്, ട്രഞ്ച് നിർമ്മാണത്തിൽ കാണിക്കുന്ന വിമുഖതയാണ് പ്രധാന പ്രശ്‌നം. കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി ഉണ്ടെന്നു പറയുമ്പോഴും ഇതിനുള്ള നിബന്ധനകൾ കർഷകർക്ക് പാലിക്കാനാകാത്തതാണ്.
ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ കെ.ഐ. ആന്റണി, രാരിച്ചൻ നീറണാംകുന്നേൽ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ജിമ്മി മാറ്റത്തിപ്പാറ, അഡ്വ. എം.എം. മാത്യു, സൺസി മാത്യു തുടങ്ങിയവർ സംസാരിച്ചു.