തൊടുപുഴ : കൊറിയർ വിതരണത്തിനെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ സ്റ്റേഷനിൽ നിന്നും വിട്ടയച്ച നടപടിയിൽ പ്രതിഷേധം. കലയന്താനി കുഴിമാക്കൽ ഡാൽവിൻ കെ.ജോസി(20) നാണ് കഴിഞ്ഞ ദിവസം അഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. ഹെൽമറ്റിനും ചുടുകട്ടക്കുമുള്ള ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഡാൽവിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമിച്ചു പരിക്കേൽപ്പിച്ചതിനു ശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചതായും പരാതിയുണ്ട്. സംഭവ ദിവസം തന്നെ അക്രമി സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നാലു പേരെ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.എന്നാൽ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാത്രമേ ഇപ്പോൾ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാവു എന്നാണ് നിർദേശമെന്ന് തൊടുപുഴ സിഐ സുധീർ മനോഹർ പറഞ്ഞു. ഇതാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിഞ്ഞ ശേഷം വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.