തൊടുപുഴ: ഇങ്ങനെ ഒരു ഓണാഘോഷം വിദ്യാർത്ഥികൾ സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. വന്ന് വന്ന് ഓണാഘോഷവും ഇങ്ങനെ ഓൺലൈനിലൂടെ കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുമെന്ന് അവരെങ്ങനെ കരുതാൻ. എങ്ങനെ ആഘോഷിക്കേണ്ടതായിരുന്നു. സ്കൂൾ , കോളേജ് ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായി മാറേണ്ടതാണ് വീട്ടിലിരുന്ന് ആഘോഷിക്കേണ്ടി വന്നത്. പണ്ടൊക്കെ, അത്ര പണ്ടല്ല ഒരു വർഷം മുമ്പ് വരെ എന്തായിരുന്നു കാമ്പസുകളിൽ നടന്നത്. ശരിക്കും അടിച്ച്പൊളിക്കുകതന്നെയായിരുന്നല്ലോ. സ്കൂളിൽ കളർ ഡ്രസിടാൻ ലഭിക്കുന്ന അപൂർവ്വ അവസരത്തെ ശരിക്കും ആസ്വദിക്കുമായിരുന്നു. പട്ടുപാവാട ഇട്ട് വരുന്ന പെൺകുട്ടികളും മുണ്ടും ജുബയും അല്ലെങ്കിൽ ഓണക്കോടിയുടെ വിവിധ മോഡലുകളിൽ വരുന്ന കുട്ടികൾ സ്കൂൾ കാമ്പസുകളെ മനോഹരമാക്കിയിരുന്നു. കോളേജിൽ പട്ട് പാവാടക്കാർ, ദാവണി ഇട്ടവർ, സെറ്റ് സാരി, പട്ട് സാരി അങ്ങനെ എത്രയെത്ര ആകർഷക വേഷങ്ങൾ. എല്ലാം ഓർമ്മകൾ .....

വിദ്യാർത്ഥികളുടെ ഓണാഘോഷങ്ങൾ ഇത്തവണ ഓൺലൈനിലൂടെ അധികം ആർഭാടമില്ലെങ്കിലും നടന്നു. ഓൺലൈൻ ക്ളാസുകൾക്ക് ഒരു ഇടവേള നൽകിയായിരുന്നു ആഘോഷങ്ങൾ. വെർച്വൽ പൂക്കളങ്ങൾ വാട്സാപ്പിലൂടെ പാഞ്ഞു. പൂക്കള മത്സരങ്ങൾ അങ്ങനെ പൂവില്ലാതെ നിറങ്ങളിലൂടെ മാത്രം നിറഞ്ഞ് നിന്നു. ഓണപ്പാട്ടുൾപ്പടെയുള്ള മത്സരങ്ങൾക്കും നല്ലപ്രതികരണമാണ് ലഭിച്ചത്. അദ്ധ്യാപകരും ഇക്കാര്യത്തിൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ആഘോഷങ്ങളും ഒടുവിൽ ഓണപ്പായസവുമൊക്കെ കാമ്പസുകളിൽ നടന്നതിന്റെഓർമ്മകൾ അയവിറക്കി അങ്ങനെ വിദ്യാർത്ഥികൾ വേറിട്ട ആഘോഷത്തിൽ പങ്ക്കൊണ്ട ദിനങ്ങളാണ് കടന്ന്പോയത്.