തൊടുപുഴ: ഇനി അടുത്ത വ്യാഴാഴ്ച വരെ സർക്കാർ ആഫീസുകൾ ഓണാവധിയിലായിരിക്കും. അയ്യങ്കാളി ജയന്തി ദിനമായ വെള്ളിയാഴ്ച തുടങ്ങിയ ഓണം അവധി അവസാനിക്കുന്നത് ശ്രീനാരായണ ഗുരു ജയന്തി ദിവസമായ സെപ്തംബർ രണ്ടിനാണ്. തുടർച്ചയായ ആറ് ദിവസങ്ങളാണ് ഓണവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ അടഞ്ഞ് കിടക്കുക. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളെ തുടർന്ന് ജീവനക്കാരിൽ മിക്കവർക്കും എല്ലാ ദിവസവും ഓഫീസിൽ എത്തേണ്ടി വന്നിരുന്നില്ല. അതിനാൽ തുടർച്ചയായ അവധി ജീവനക്കാർക്ക് വലിയ ആഹ്ലാദം നൽകുന്നതല്ലെങ്കിലും സർക്കാർ ഓഫീസുകൾ പൂർണമായി അടയുന്നതിന്റെ പ്രതിസന്ധി ചെറുതല്ല. സെപ്തംബർ ഒന്നിന് ബാങ്കും റേഷൻ കടകളും തുറക്കുമെങ്കിലും രണ്ടിന് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് 31 മുതൽ സെപ്തംബർ രണ്ട് വരെ അവധിയായത് മദ്യപരെയും വിഷമത്തിലാക്കും.
സ്ക്വാഡുകൾക്ക് അവധിയില്ല
മറ്റ ് സർക്കാർ ആഫീസുകൾ ഓണം ആഘോഷിക്കുമ്പോൾ റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡുകൾ ജില്ലയിൽ അവധി ദിവസങ്ങളിൽ സദാ ജാഗ്രതയിലായിരിക്കും. അനധികൃത കൈയേറ്റം, നിർമാണം, കുന്നിടിക്കൽ, മാലിന്യനിക്ഷേപം എന്നിവ നടക്കാനുള്ള സാധ്യത പരിഗണിച്ചാണ് സ്ക്വാഡ് രംഗത്തിറങ്ങിയത്. കല്യാണം പോലുള്ള വിശേഷങ്ങൾ പൊലീസിന്റെ ശക്തമായ നിയന്ത്രണത്തിലായിരിക്കും.