കൊവിഡിനൊപ്പം ഇന്ന് ഉത്രാടപാച്ചിൽ
തൊടുപുഴ: തിരുവോണത്തലേന്നായ ഇന്ന് നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാകേണ്ട ദിവസമാണ്. കൊവിഡിനൊപ്പമുള്ള ഓണമായതിനാൽ ഇത്തവണ അകലം പാലിച്ച് വേണം പായാൻ. നാളെ മലയാളികൾ സമൃദ്ധിയുടെ ഓണമുണ്ണും. ഓണ സദ്യ കെങ്കേമമാക്കാൻ കുടുംബങ്ങൾ ഒന്നിച്ചു വ്യാപാരകേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്. രാവിലെ മുതൽ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറികളാണ് കൂടുതലെങ്കിലും നാടൻ പച്ചക്കറികൾ വിൽക്കുന്ന സ്റ്റാളുകളിലും തിരക്കിനൊട്ടും കുറവില്ല. നാട്ടുപച്ചക്കറി എന്ന ചെറിയ ബോർഡു കണ്ടാൽ തന്നെ അവിടെ തിരക്ക് ഉണ്ടാകുന്ന അവസ്ഥയാണ്. വലിയ കടകൾക്കു മുന്നിലെ തിരക്ക് ഇപ്പോൾ, ചെറിയ പൊതുനിരത്ത് വ്യാപാരത്തിലേക്ക് മാറിയിട്ടുണ്ട്. ചീരയും വെണ്ടയും തക്കാളിയുമൊക്കെ നാടൻ ചോദിച്ച് വാങ്ങി കൊണ്ടുപോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും കച്ചവടങ്ങൾ തകൃതിയായി മുന്നേറുകയാണ്.
ഓഫറുകളുമായി വിപണി സജീവം
വമ്പൻ ഓഫറുകളുമായി ഓണ കച്ചവടം പൊടിപൊടിക്കുകയാണ് നഗരങ്ങളിലെങ്ങും. പായസം മിക്‌സ്, അച്ചാർ, സൂചി, വാച്ച്, പാത്രങ്ങൾ, പ്രതിമകൾ, കരകൗശല വസ്തുക്കൾ, ചുരിദാർ, സാരി... തുടങ്ങി എല്ലാത്തിനും വൻ കച്ചവടം. ഇതോടൊപ്പം വിലക്കുറവുമായി തെരുവു വിപണികളും വൻവിപണനമേളകളും സജീവമാണ്. റിബേറ്റുകളും സമ്മാനങ്ങളുമൊരുക്കിയാണ് മേളകൾ ഓണത്തെ വരവേൽക്കുന്നത്.
പഴയ ആവേശമില്ല
വ്യാപാര സ്ഥാപനങ്ങളിലും തെരുവുകളിലും ഓണക്കച്ചവടം കൊഴുക്കുമ്പോഴും ചന്തകൾ ഉറക്കച്ചടവിലാണ്. നേരത്തെ സൂചി കുത്താൻ പോലും ഇടമില്ലാതിരുന്ന ചന്തകളിൽ ഇപ്പോൾ ആളുകൾ തീരെ കുറവാണ്. പച്ചക്കറി അടക്കമുള്ള നാടൻ വിഭവങ്ങൾ വിറ്റിരുന്ന ചെറുകിട കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്.
അകന്ന് നിന്നോണം
ഓണത്തിരക്കിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കും. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് കണ്ടെയ്ൻമെന്റ് സോണുകളിലല്ലാത്ത ചന്തകൾ തുറന്ന് പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേത് പോലെ കയറി ചെല്ലുമ്പോൾ തന്നെ പേരും സ്ഥലവും മൊബൈൽ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും. സാനിറ്റൈസർ പുരട്ടി കൈ അണുവിമുക്തമാക്കിയ ശേഷമേ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കൂ. പൊലീസും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ചന്തകളിൽ ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തുന്നുണ്ട്.