ചെറുതോണി: സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭൂപ്രശ്നങ്ങൾ സംബന്ധിച്ച തർക്കങ്ങളാണ് സർവ്വ കക്ഷിയോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ തടസമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഭൂപതിവ് നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ്(എം) നടത്തിവരുന്ന അഞ്ചാം ദിവസത്തെ റിലേ സത്യാഗ്രഹം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപതിവ് നിയമഭേദഗതിയുടെ അവകാശം ആർക്കെന്നത് സംബന്ധിച്ച് സി.പി.എം, സി.പി.ഐ കക്ഷികൾ തമ്മിൽ സർക്കാരിനുള്ളിൽ പോരാട്ടം നടന്നു വരികയാണ്. ജനവിരുദ്ധ നയങ്ങളിൽ റിക്കാർഡിട്ട ഇടതുമുന്നണി സർക്കാരിനെ കേരളത്തിലെ ജനങ്ങൾ പുറത്താക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭൂപതിവ് നിയമം കാലോചിതമായി പരിഷ്‌കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പറും പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ നോബിൾ ജോസഫ് സത്യാഗ്രഹമിരുന്നു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ, എ.പി. ഉസ്മാൻ, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, സിനു വാലുമ്മേൽ, ടി.ജെ ജേക്കബ്, ജോസഫ് മേപ്പുറം, പ്രദീപ് ജോർജ്, കെ.കെ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.