തൊടുപുഴ: കൊവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഹോം കെയറുകളിലും ആയുർവേദ പരിചരണവും ഉൾപ്പെടുത്തുക,സർക്കാർ ആയുർവേദ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മറ്റ് ചികിത്സകളും തടസപ്പെടുത്തി ആയുർവേദക്കാരെക്കൊണ്ട് അലോപ്പതി ചികിത്സ ചെയ്യിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സേവ് ആയുർവേദ കാമ്പയിനുമായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. കൊവിഡ് പ്രതിരോധം, പ്രാഥമിക പരിചരണം, പുനരധിവാസം എന്നിവയ്ക്ക് ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കാൻ പ്രത്യേക ഫണ്ടുകൾ അനുവദിക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, ഒരു ഡോക്ടർ, ഒരു ഫാർമസിസ്റ്റ് തസ്തിക മാത്രമുള്ള ഡിസ്‌പെൻസറികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ കൊവിഡ് പ്രവർത്തനങ്ങൾക്കായി ആവശ്യമായ പ്രത്യേക നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രചാരണം സേവ് ആയുർവേദ കാമ്പയിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടന്നുവരുന്നതായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.