വാഴക്കുളം: സർക്കാർ പൈനാപ്പിൾ കൃഷിക്കാരെ പറഞ്ഞു വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൈനാപ്പിൾ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈനാപ്പിൾ കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുക, കടബാധ്യത മൂലം ആത്മഹത്യ ചെയ്ത അനിലിന്റെ കുടുംബത്തിന് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എം.പിയുടെ ഉപവാസം. ലോക്ക്ഡൗൺ സമയം മുതൽ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇപ്പോൾ ഒരു കർഷകൻ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് എം.പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ പിജെ.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ഫ്രാൻസിസ് ജോർജ്ജ് എന്നിവർ അതിസംബോധന ചെയ്ത് സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. ഉപവാസ സമരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.