തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'മെന്റർ മാപ്പിംഗ് ' മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതിയുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനം നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം. പിള്ള ആദ്യ കോപ്പി, ശിശുവികസന ഓഫീസർ ജിഷ ജോസഫിന് നൽകി പ്രകാശന കർമ്മത്തിന്റെ ഉദ്ഘാടനം നർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മാപ്പിംഗ് അക്കാഡമി കോ- ഓർഡിനേറ്റർ വി.വി. ഷാജി പഠന റിപ്പോർട്ടും പൂമാല സ്‌കൂളിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ മെറിൻ പോൾ മനശാസ്ത്ര പഠന അനുഭവങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ഷെമീന അബ്ദുൾ കരീം, അഞ്ചു സിജി. കെ.കെ.രാഘവൻ, രാജു കുട്ടപ്പൻ, ലാലി ജോസി, ജാഗ്രതാ ഫെസിലിറ്റേറ്റർ സെൽമണ്ട്, പഞ്ചായത്ത് കോ.ഓർഡിനേറ്റർ ശശികുമാർ കിഴക്കേടം എന്നിവർ സംസാരിച്ചു. യോഗത്തിന് ടെസി മോൾ മാത്യു സ്വാഗതവും വി.ജി. മോഹനൻ നന്ദിയും പറഞ്ഞു.
എന്താണ് മെന്റർ മാപ്പിംഗ്
ബാല്യകാലത്ത് തന്നെ കുട്ടികളുടെ പരിമിതികളും കഴിവുകളും വിവിധ മനശാസ്ത്ര ടെസ്റ്റുകളിലൂടെ തിരിച്ചറിയുന്നതാണ് മെന്റർ മാപ്പിംഗ്. ഇത്തരം തിരിച്ചറിവിലൂടെ കുട്ടികൾക്കാവശ്യമായ പിന്തുണയും സഹായവും നൽകി അവരുടെ പഠനത്തിലും ജീവിതത്തിലും ശാരീരിക ആരോഗ്യം പോലെ മാനസിക ആരോഗ്യവും ഉറപ്പാക്കി മികവുള്ളവരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ അഞ്ച് സർക്കാർ വിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് പദ്ധതിയിൽ പങ്കാളികളായത്. അതോടൊപ്പം വിദ്യാർത്ഥിക്ക് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബന്ധത്തെ കൂടുതൽ തിരിച്ചറിവോടെ ഇടപെടാൻ ഈ രീതി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താനാവും.