ഇന്റർനെറ്റ് ഇന്നലെയും തകരാർ, റേഷൻ കടകളിലെത്തിയവർ നിരാശരായി
തൊടുപുഴ: തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഓണക്കിറ്റ് പ്രതീക്ഷിച്ച് റേഷൻ കടകളിലെത്തിയ ജനത്തിന് നിരാശരായി മടങ്ങി. ഇന്റർനെറ്റ് കണക്ഷൻ തകരാറിലായതിനെ തുടർന്ന് മിക്ക റേഷൻ കടകളിലെയും ഇ- പോസ് മെഷീനുകൾ ഇന്നലെയും പണിമുടക്കിയതാണ് ഉപഭോക്താക്കളെ വലച്ചത്. ഇതോടെ മണിക്കൂറുകളോളം ക്യൂ നിന്ന് മടുത്ത നിരവധി പേരാണ് സാധനങ്ങൾ കിട്ടാതെ മടങ്ങി പോയത്. ഇന്നലെ തൊടുപുഴ താലൂക്കിലെ ഭൂരിഭാഗം കടകളിലും ഇന്റർനെറ്റ് പണിമുടക്കി. ഇതോടെ റേഷൻ വിതരണവും തടസപ്പെട്ടു. നെറ്റിന്റെ തകരാർ കാരണമാണ് താമസം നേരിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞാലും പലരും അത് ഉൾകൊള്ളാറില്ല. ഇത് കാരണം റേഷൻ വാങ്ങാനെത്തുന്ന കാർഡുടമകൾ കാലതാമസം വരുമ്പോൾ കടയുടമകളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നതും പതിവാണ്. ഓണ തിരക്കിനിടയിലെ നെറ്റ് തകരാർ റേഷൻ കടകളിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
തകരാർ പതിവ്
മിക്ക റേഷൻ കടകളിലുമുള്ള മെഷീനുകളിൽ ബി.എസ്. എൻ.എലിന്റെയും ഐഡിയയുടെയും സിം കാർഡുകളാണ് ഉപയോഗിക്കുന്നത്. സർവറിന്റെ ശേഷിക്കുറവാണ് നെറ്റ് സ്ലോ ആകാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓരോ സമയം നിരവധി ഭാഗങ്ങളിൽ നിന്നും നെറ്റ് ഉപയോഗിക്കുന്നതിനാൽ നെറ്റ് വർക്ക് ജാം ആകുന്നു. കടയിലെത്തുന്ന ഉപഭോക്താവ് നാലും അഞ്ചും തവണ കൈവിരൽ പതിപ്പിച്ചതിനു ശേഷമാകും മെഷീൻ സ്വീകരിക്കുന്നത്. ഇ- പോസ് മെഷീനിൽ നിന്ന് നെറ്റ് കണക്ഷൻ വിട്ട് പോയാൽ വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ വലിയ താമസം നേരിടുന്നുണ്ടത്രേ.
സാധനമുണ്ട്, പക്ഷേ,
ഓണത്തിന് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങളും കിറ്റുകളുമെല്ലാം നേരത്തെ തന്നെ കടകളിൽ എത്തിയിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഇവ വേഗതയിൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ ഓണം പടിവാതിൽക്കലെത്തിയിട്ടും ഇപ്പോഴും റേഷൻ കടകളിൽ കിറ്റ് വാങ്ങാനുള്ള നീണ്ട ക്യൂ കാണാം . തിരക്കുള്ള ഓണനാളുകളിൽ നെറ്റ് പണി മുടക്കുന്നത് വലിയ പൊല്ലാപ്പാണ് റേഷൻ കടയുടമകൾക്ക് ഉണ്ടാക്കുന്നത്.