മുട്ടം: മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകുന്നു. മലങ്കര തോട്ടത്തിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. അതിനാൽ പെട്ടെന്ന് ഇത് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. വ്യാജ വാറ്റ് സംബന്ധിച്ച് എക്സൈസ് അധികൃതരെ വിവരം അറിയിച്ചാലും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും വ്യാജവാറ്റ് സംഘം അവിടന്ന് കടന്ന് കളയും. ഇത്തരത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് മലങ്കര ആശുപത്രി കവലക്ക് സമീപം വ്യാജവാറ്റ് നടക്കുന്ന വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോഴേക്കും സംഘം കടന്ന് കളഞ്ഞു. വ്യാജവാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കോടയും മാത്രമാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മുട്ടം വില്ലേജ് ഓഫീസിന് സമീപത്ത് പുഴവെള്ളത്തിന്റെ തുരുത്തിൽ രാത്രിയിൽ വ്യാജവാറ്റ് നടക്കുന്ന വിവരം അറിഞ്ഞ് എക്സൈസും പൊലീസും സ്ഥലത്ത് എത്തിയപ്പോഴും സംഘം കടന്ന് കളഞ്ഞിരുന്നു. ഇവിടെ നിന്നും കോടയും ഉപകാരണങ്ങളുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. പ്രദേശ വാസികൾ കരിങ്കുന്നം, മുട്ടം, ഇടവെട്ടി പഞ്ചായത്ത്‌ അധികൃതരെ നിരവധി തവണ വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.